താനൂർ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും

dot image

മലപ്പുറം: താനൂര് കസ്റ്റഡി കൊലപാതക കേസിൽ പ്രതികൾ സമർപ്പിച്ച മുന്കൂര് ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഈ മാസം ഇരുപതിന് കേസ് വീണ്ടും പരിഗണിക്കും. ഒന്നു മുതല് നാലുവരെയുള്ള പ്രതികളായ ഡാൻസാഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ ജാമ്യാപേക്ഷയാണ് മഞ്ചേരി സെഷൻസ് കോടതി മാറ്റിവെച്ചത്. കേസ് സിബിഐക്ക് വിട്ട സാഹചര്യത്തിൽ സിബിഐയുടെ നിലപാട് അറിഞ്ഞ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി താനൂര് പൊലീസ് സ്റ്റേഷനിലെ സീനിയര് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി കല്പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന് എന്നിവരാണ് മുന്കൂര് ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 26ന് ആണ് നാല് പേരെയും കൊലക്കേസ് പ്രതികളാക്കി അന്വേഷണ സംഘം കോടതിയിൽ പ്രാഥമിക പ്രതിപട്ടിക സമർപ്പിച്ചത്.

കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുക ആണെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്താത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും കുടുംബം പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us