കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ജയില് മോചിതനായി. ഗ്രോ വാസുവിനെ കുന്ദമംഗലം കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ജയില് മോചനം. മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹം ജയിലിന് പുറത്തേക്ക് വന്നത്. മനുഷ്യാവകാശ പ്രവര്ത്തകര് മുദ്രാവാക്യം വിളികളോടെ ഗ്രോ വാസുവിനെ ജയിലിന് പുറത്ത് സ്വീകരിച്ചു.
കേരളത്തിലെ ജനങ്ങള്ക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട വ്യാജ ഏറ്റുമുട്ടല് കൊലപാതകം. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആണ് ആ വെടിവെപ്പ് നടത്തിയത്. പിണറായി സര്ക്കാരിന് അത് മറച്ചുവെക്കാന് കഴിഞ്ഞു. കൊല്ലാന് വേണ്ടി വെടി വെച്ചവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞ് നടക്കുന്നത്.പിണറായി സര്ക്കാര് മനുഷ്യരെ മുയലിനെപ്പോലെ കൊല്ലുകയാണ്. പ്രതിഷേധമറിയിക്കാന് സഹായിച്ചവര്ക്കെല്ലാം നന്ദി. ജയിലില് വന്ന് തന്നെ കണ്ട് കെ കെ രമ തന്ന പിന്തുണക്ക് നന്ദി പറയുന്നുവെന്നും ഗ്രോ വാസു പറഞ്ഞു.
വ്യാജ ഏറ്റുമുട്ടല് കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യല് അന്വേഷണം നടത്തണം. കൊലയാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഖാവ് വര്ഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാന് അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വര്ഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങള് അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കും. മൂവ്വായിരം കുഞ്ഞുങ്ങള് മരിച്ചു വീഴുന്നിടത്തോളം കാലം, 75ശതമാനം ആളുകള് ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്ക്കരിക്കാന് കഴിയില്ല. ഇത് ജനങ്ങളെ മുന്നിലേക്ക് കൊണ്ടുവരാന് വേണ്ടിയാണ് കേസില് ജാമ്യമെടുക്കാതിരുന്നതെന്നും ഗ്രോ വാസു കൂട്ടിച്ചേര്ത്തു.
ഗ്രോ വാസു ഉള്പ്പെട്ട കേസിലെ പതിനേഴ് പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് പേര് പിഴ അടച്ച് ഒഴിവാവുകയും ചെയ്തു. നിര്ദേശം ലംഘിച്ച് കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നതിനാല് വീഡിയോ കോണ്ഫറന്സ് വഴിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ട വിധി വായിച്ചു കേള്പ്പിച്ചത്.
2016 ല് നിലമ്പൂരില് നടന്ന പൊലീസ് വെടിവെപ്പില് മാവോയിസ്റ്റുകള് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല് കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്ക്കെതിരെ രജിസ്റ്റര് ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്ക്കെതിരെ കേസെടുക്കാതെ, അതില് പ്രതിഷേധിച്ചവര്ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടായിരുന്നു ഗ്രോ വാസുവിന്റേത്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയില് നിലപാട് സ്വീകരിച്ചിരുന്നു.
പതിനായിരം രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന് കോടതി ഗ്രോ വാസുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് വ്യാജ ഏറ്റുമുട്ടലില് പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തവര്ക്കെതിരെയല്ല, ആ കുറ്റം ചെയ്തവര്ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ഗ്രോ വാസു കോടതിയില് നിലപാട് സ്വീകരിക്കുകയായിരുന്നു. ജാമ്യത്തുക കെട്ടിവയ്ക്കാന് തയ്യാറല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.
തുടര്ന്ന് മജിസ്ട്രേറ്റ് അദ്ദേഹത്തെ ജാമ്യത്തില് വിട്ടെങ്കിലും കോടതിയില് കുറ്റം സമ്മതിക്കാനോ രേഖകളില് ഒപ്പുവെക്കാനോ ഗ്രോവാസു തയ്യാറായില്ല. സുഹൃത്തുക്കളടക്കമുള്ളവര് അദ്ദേഹത്തെ അനുനയിപ്പിക്കാന് ശ്രമിച്ചെങ്കിലും ഗ്രോ വാസു വഴങ്ങിയില്ല.