മലപ്പുറം: താനൂര് കസ്റ്റഡി കൊലപാതകത്തില് താമിര് ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് മര്ദ്ദനമെന്ന് സ്ഥിരീകരണം. ഹിസ്റ്റോപതോളജി റിപ്പോര്ട്ടിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. മര്ദ്ദനം ഹൃദയത്തിനേല്പ്പിച്ച ആഘാതം മരണത്തിന് കാരണമായതായാണ് റിപ്പോര്ട്ട്. ഹിസ്റ്റോപതോളജി റിപ്പോര്ട്ടറിന്റെയും കെമിക്കല് അനാലിസിസ് റിപ്പോര്ട്ടിന്റെയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കി തിരൂര് കോടതിക്ക് സമര്പ്പിച്ച വിശദമായ റിപ്പോര്ട്ടിലാണ് വിവരങ്ങള് ഉള്ളത്. റിപ്പോര്ട്ടിലെ വിവരങ്ങള് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു.
കോഴിക്കോട് റീജ്യണല് കെമിക്കല് എക്സാമിനേഷന് സെന്ററിലും മഞ്ചേരി പാത്തോളജി ലാബിലും പരിശോധനയ്ക്കായി സാമ്പിള് അയച്ചിരുന്നു. കോഴിക്കോട് നടത്തിയ പരിശോധനയില് മെതാഫിറ്റമിന് എന്ന ലഹരിമരുന്നിന്റെ സാന്നിധ്യം താമിര് ജിഫ്രിയുടെ ശരീരത്തില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് ലഹരി എത്ര അളവിലുണ്ടെന്ന് ഈ പരിശോധനയില് കണ്ടെത്താന് സാധിച്ചിട്ടില്ല. ഹിറ്റോപതോളജി ലാബില് നിന്നുള്ള പരിശോധനാ റിപ്പോര്ട്ടിലാണ് മര്ദ്ദനം മരണത്തിലേക്ക് നയിച്ചതായി പറയുന്നത്. മര്ദ്ദനം ഹൃദയാഘാതത്തിലേക്ക് നയിച്ചു. നേരത്തെ മര്ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലും പറഞ്ഞിരുന്നു.
താമിര് ജിഫ്രിയുടെ ശരീരത്തിലെ മാരകമായ മുറിവുകളുടെ ചിത്രം ഉള്പ്പെടെ അടയാളപ്പെടുത്തിക്കൊണ്ടുള്ള പത്തുപേജുള്ള റിപ്പോര്ട്ടാണ് കോടതിയ്ക്ക് നല്കിയിരിക്കുന്നത്. ഇതില് നാലോളം പേജുകളില് പൊലീസ് മര്ദ്ദനം മൂലമുള്ള മുറിവുകളും പരിക്കുകളും അടയാളപ്പെടുത്തിയിട്ടുണ്ട്.