ആലപ്പുഴ: ഇ പി ജയരാജുമായി കൂടിക്കാഴ്ച നടത്തി എന്നത് പുതിയ വെളിപ്പെടുത്തലല്ലെന്ന് ഫെനി ബാലകൃഷ്ണൻ. കൊല്ലത്തെ ഗസ്റ്റ് ഹൗസിലാണ് ഇ പി ജയരാജനെ കണ്ടത്. നങ്ങ്യാർകുളങ്ങരയിൽ നിന്നാണ് ഇപിയുടെ കാറിൽ കയറിയത്. പിന്നീട് ഫോണില് പല തവണ ബന്ധപ്പെട്ടിരുന്നുവെന്നും ഫെനി ബാലകൃഷ്ണന് പറഞ്ഞു. പരാതിക്കാരി തന്നെ ഇ പി ജയരാജനെ കണ്ടെന്ന് പറഞ്ഞതാണെന്നും ഫെനി കൂട്ടിചേർത്തു.
പരാതിക്കാരി എഴുതിയ കത്തും സിഡിയും കേസുമായി ബന്ധപ്പെട്ട് തന്നെ ഏൽപ്പിച്ചതല്ലെന്നും അതുകൊണ്ട് ഇത് എവിടെയും ഹാജരാക്കില്ല എന്നും ഫെനി പറഞ്ഞു. പരാതിക്കാരിക്ക് ഇവ ആവശ്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് താൻ മുൻപേ പറഞ്ഞിരുന്നു. ആ വാക്കിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും ഫെനി പറഞ്ഞു.
കൊല്ലത്തെ ഗസ്റ്റ് ഹൗസിൽ വെച്ച് ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണത്തെ ഇ പി ജയരാജൻ നിഷേധിച്ചിരുന്നു. കൊല്ലത്തെ ഗസ്റ്റ് ഹൗസില് താന് പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇ പി ജയരാജന് പറഞ്ഞു. സോളാര് പീഡനകേസുമായി ബന്ധപ്പെട്ട് ഉമ്മന് ചാണ്ടിയുടെ പേര് കൂട്ടി ചേര്ത്തതിന് പിന്നിലെ ഗൂഡാലോചനയില് സിപിഐഎമ്മിന് പങ്കില്ല. തരംതാണ ആരോപണങ്ങളിലേയ്ക്ക് തള്ളി വിടരുത്. പുറത്തുവന്ന വാര്ത്തകള് അടിസ്ഥാനരഹിതമാണ്. ഫെനിക്ക് പിന്നില് ആരോ ഉണ്ടെന്നും ആരോപണങ്ങള് പിന്നില് എന്തോ ഉദ്ദേശമുണ്ടെന്നുമാണ് ഫെനിയുടെ ആരോപണങ്ങളോട് ഇ പി ജയരാജന് പ്രതികരിച്ചത്.