വൈകി എത്തുന്ന നീതി; പക്ഷേ കാണാൻ കഥാനായകനില്ല

തന്റെ ജീവിത്തിലുടനീളം അദ്ദേഹം കാണിച്ച മാന്യത, മര്യാദ, സഭ്യത... എല്ലാം തെളിഞ്ഞുവരുന്നു ഇവിടെ. ഈ താളുകളിലൂടെ കേരളം അദ്ദേഹത്തെ കൂടുതല് കൂടുതല് തിരിച്ചറിയുന്നു.

സ്വാതി രാജീവ്
2 min read|15 Sep 2023, 11:10 am
dot image

''ഇപ്പോള് സത്യങ്ങള് ഓരോന്നായി പുറത്തു വരികയാണ്. ഇനിയും പലതും തെളിഞ്ഞുവരാനുണ്ട്. ചിലപ്പോള് അത് എന്റെ കാലശേഷമായിരിക്കും. സത്യത്തെ സംശയത്തിന്റെ പുകമറയില് എക്കാലവും ഒളിച്ചുവെക്കാനാവില്ല...''

വിടപറയും മുമ്പ് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പൂര്ത്തിയാക്കിയ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാലം സാക്ഷി എന്ന ആത്മകഥയിലെ വാക്കുകള്. വീണ്ടും സോളാർ ചർച്ചയാകുമ്പോള് ആള്ക്കൂട്ടത്തിന് നടുവില് ജീവിച്ചൊരു മനുഷ്യന്റെ സത്യസാക്ഷ്യമാവുകയാണ് ഈ പുസ്തകം.

പത്രപ്രവര്ത്തകനായ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ പുസ്തകത്തിലെ 17 പേജ് നീളുന്ന സോളാര് എന്ന ഭാഗം, സോളാര് അഴിമതി വിവാദ കാലത്തെ ആരോപണങ്ങള് അദ്ദേഹത്തെ എത്രമാത്രം തകര്ത്തു എന്നത് വ്യക്തമാക്കുന്നുണ്ട്. മറ്റുപലരുടെയും ജീവിതം മാനിച്ച്, മരണം വരെ അദ്ദേഹം ഉള്ളില് പേറിയ വ്യഥകളുടെ ചിത്രം ഈ പേജുകളില് കാണാം.

ആത്മകഥയിലെ വരികള് തന്നെ കടമെടുത്താല്, മണ്പുറ്റിനെ മഹാപര്വതമായി വളര്ത്തിയെടുത്ത സോളാര് വിവാദം. വിവാദം കൊടുംപിരികൊണ്ട കാലത്ത് പലതവണ അദ്ദേഹം പൊതുസമൂഹത്തെ പറഞ്ഞ് ധരിപ്പിക്കാന് ശ്രമിച്ചതെല്ലാം വാക്കുകളായി വായിക്കുമ്പോള് ഇവിടെ വായനക്കാരനും കുറ്റസമ്മതം നടത്തേണ്ടി വരുന്നു. നിരപരാധി, വേട്ടയാടപ്പെട്ട ഇര എന്നതിനൊക്കെ അപ്പുറം തന്റെ ജീവിത്തിലുടനീളം അദ്ദേഹം കാണിച്ച മാന്യത, മര്യാദ, സഭ്യത... എല്ലാം തെളിഞ്ഞുവരുന്നു ഇവിടെ. ഈ താളുകളിലൂടെ കേരളം അദ്ദേഹത്തെ കൂടുതല് കൂടുതല് തിരിച്ചറിയുന്നു.

ബിജു രാധാകൃഷ്ണന്റെ വരവ്, വിവാദങ്ങളുടെ തുടക്കം, സെക്രട്ടേറിയറ്റ് വളയല്, പകതീര്ക്കാന് ശ്രമം, വിശേഷപ്പെട്ട ശിവരാജന് കമ്മീഷന്, കോയമ്പത്തൂര് യാത്ര, എതിരാളികള്ക്ക് ആശ്രയമായ കത്തും ചവറ്റുകൊട്ടയിലായി, ക്രൈംബ്രാഞ്ചിന്റെ വരവ്, കുറ്റവിമുക്തനാക്കി സിബിഐ, കത്തിന്റെ പിന്നിലെ കഥ, പച്ചത്തുരുത്തുകള് എന്നിങ്ങനെ തലക്കെട്ടുകളില് സോളാര് വഴികളിലെ ഓരോ സംഭവങ്ങളെക്കുറിച്ചും കൃത്യവും വ്യക്തവുമായുള്ള വിശദീകരണം.

ബിജു രാധാകൃഷ്ണനുമായുള്ള അടച്ചിട്ട മുറിയിലെ സംഭാഷണം എന്ന് മാധ്യമങ്ങള് പൊലിപ്പിച്ച വാര്ത്തയെക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം പറയുന്നുണ്ട്. എറണാകുളത്തെ പ്രമുഖ പത്രത്തിന്റെ മാര്ക്കറ്റിങ് വിഭാഗത്തില് പ്രവര്ത്തിക്കുന്ന വ്യക്തിയുമൊത്ത് ബിജു രാധാകൃഷ്ണന് കാണാന് വന്നു. അയാള് പറഞ്ഞ കാര്യങ്ങള് കേട്ട് ഞാന് ഞെട്ടി. ഒരു സഹപ്രവര്ത്തകനെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു അത്. ഞാന് ഇതാരോട് പറയും. എനിക്ക് ഇക്കാര്യത്തില് എന്ത് ചെയ്യാനാവും? ഇങ്ങനെ ആകുലപ്പെടുന്ന ഉമ്മന്ചാണ്ടിയെ കാണാം ഈ അധ്യായത്തില്.

നിയമസഭയില് വിഷയം കത്തിച്ചു നിര്ത്തിയ പ്രതിപക്ഷത്തിന് പുതിയ ആയുധം കിട്ടി. എന്തിനെക്കുറിച്ചാണ് സംസാരിച്ചതെന്ന ചോദ്യത്തിന് മുന്നില് നിസ്സഹായനായി. സത്യം വെളിപ്പെടുത്താന് പ്രിയപ്പെട്ടവരുടെ സമ്മര്ദ്ദമുണ്ടായി. അപ്പോഴും നിശബ്ദത പാലിച്ചു. സഹപ്രവര്ത്തകന്റെ അഭിമാനത്തിന് ക്ഷതമുണ്ടാക്കരുതെന്ന് തീര്ച്ചപ്പെടുത്തിയായിരുന്നു ആ മൗനമെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതൊരിക്കലും തനിക്കെതിരെ ഇങ്ങനെ തിരിഞ്ഞ് കൊത്തുമെന്ന് ഉമ്മന് ചാണ്ടി അന്ന് വിചാരിച്ചിട്ടുണ്ടാകില്ല.

നെറ്റിയിലെ മുറിപ്പാടായി മാറിയ കല്ലേറിന്റെ അനുഭവവും അദ്ദേഹം പറയുന്നു. അപകീര്ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്ക്കുമുന്നില് മുട്ടുമടക്കില്ലെന്നായപ്പോള് സിപിഎം കായികമായി നേരിട്ടു. അതാണ് കണ്ണൂരില് തന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ കല്ലേറ്. നിസ്സാരമായി കാണാനും മറക്കാനും ശ്രമിച്ചു. അക്രമം തങ്ങളുടെ രീതിയല്ലെന്നു പിണറായി വിജയന് പറഞ്ഞത് ഒരു തമാശപോലെ ആസ്വദിച്ചു.

സോളാര് കേസ് അന്വേഷിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷനെ ഒരു വിശേഷപ്പെട്ട കമ്മീഷന് എന്നാണ് പുസ്തകത്തില് ഉമ്മന് ചാണ്ടി വിശേഷിപ്പിക്കുന്നത്. അനിതരസാധാരണമായ നടപടികള്ക്ക് വേദിയായ കമ്മീഷന്. തന്നെ അപമാനിക്കാന് പറ്റിയ അവസരമായി സിപിഎം അതിനെ കണ്ടു. ശിവരാജന് കമ്മീഷന്റെ അസാധാരണത്വത്തെ ഉമ്മന് ചാണ്ടി നിശിതമായി തന്നെ പ്രതിപാദിക്കുന്നു.

കോളിളക്കം സൃഷ്ടിച്ച, സംഭവബഹുലമായ കോയമ്പത്തൂര് യാത്രയെ പരിഹാസ രൂപേണയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കേസില് തെളിവായ ലൈംഗിക ദൃശ്യങ്ങള് അടങ്ങുന്ന സിഡിയും പെന്ഡ്രൈവും തേടിയുള്ള ബിജു രാധാകൃഷ്ണന്റെ യാത്ര. അഭിഭാഷകരുടെയും പൊലീസുകാരുടയും അകമ്പടിയോടെയുള്ള യാത്ര. വാര്ത്താ ചാനലുകളുടെ ആഘോഷം. കേരളത്തിനാകെ കൗതുകകാഴ്ച. അപ്പോള് ഡല്ഹിയിലായിരുന്ന തനിക്ക് ഇതെല്ലാം കണ്ട് ചിരിയാണ് വന്നത്. ഇല്ലാത്ത സിഡി തേടിയൊരു വിഫലയാത്രയെന്ന് ഉമ്മന് ചാണ്ടി കുറിക്കുമ്പോള്, അത് അന്ന് ആര്ത്തുചിരിച്ച വലിയൊരു ആള്ക്കൂട്ടത്തിനുള്ള മറുപടി കൂടിയാകുന്നുണ്ട്. ഇപ്പോള് ഓര്ക്കുമ്പോള് അന്നാ യാത്ര കണ്ടുനിന്ന ഓരോ മലയാളിയും തെല്ല് ജാള്യതയോടെ ചിരിക്കുന്നുണ്ടാകും എന്നുറപ്പാണ്.

കുറ്റാരോപിതയുടെ കത്തായിരുന്നു ഈ കേസിലെ ആകെ ആശ്രയം. 21 പേജുള്ള ആദ്യ കത്ത് പിന്നീട് 25 പേജാകുന്നു. പത്രസമ്മേളനത്തില് ഉയര്ത്തിക്കാട്ടിയ ഈ കത്തിലാണ് തനിക്കെതിരായ ഏറ്റവും ഹീനമായ ആരോപണം. ഒടുവില് ആ കത്ത് ചവറ്റുകൊട്ടയിലായത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. 21 പേജുള്ള കത്ത് 25 ആയതിന് പിന്നില് മുന് മന്ത്രി കെ.ബി.ഗണേഷ് കുമാറും കുറ്റാരോപിതയുമാണെന്ന് കോടതി കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. ഉമ്മന് ചാണ്ടിയായിരുന്നു ശരിയെന്ന് തെളിയുമ്പോള് അന്ന് അദ്ദേഹത്തെ കല്ലെറിഞ്ഞവര് പോലും തലകുനിക്കുന്നു.

മരിക്കുന്നതിന് ആറുമാസം മുമ്പ് ഉമ്മന്ചാണ്ടി വിളിപ്പിച്ചതനുസരിച്ച് പോയി കണ്ട കാര്യം കുറ്റാരോപിതയുടെ മുന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്തിനാണ് ആ സ്ത്രീ തന്റെ പേരു പറഞ്ഞതെന്ന ഒറ്റച്ചോദ്യമാണ് ഉമ്മന് ചാണ്ടി ചോദിച്ചത്, എല്ലാ കാര്യവും അദ്ദേഹത്തോട് തുറന്നു പറഞ്ഞു. എന്നെങ്കിലും ലോകം ഇതെല്ലാം തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസത്തോടെയാകും അദ്ദേഹം വിടപറഞ്ഞത്.

'ഒരു സത്യവുമില്ലാത്ത കാര്യത്തില് ആര് എന്തൊക്കെ ശ്രമിച്ചാലും വിജയിക്കില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.' ഉമ്മന് ചാണ്ടി ഇങ്ങനെ പറയുമ്പോള് സ്വന്തം മനസാക്ഷിയെ അത്രമേല് മുറുകെപ്പിടിച്ച ഒരാളുടെ ബോധ്യമാണ് ഇവിടെ വിജയം തൊടുന്നത്. എല്ലാം കല്ലുവച്ച നുണകളായിരുന്നുവെന്ന് തെളിവുകളോടെ ഇന്ന് ലോകം തിരിച്ചറിയുമ്പോള് അത് ജനങ്ങളുടെ നടുവില് ജീവിച്ച ഒരു നേതാവിന് വൈകി കിട്ടുന്ന നീതിയാകുന്നു. ആത്മകഥയുടെ തലക്കെട്ടു പോലെ, പുതിയ സംഭവ വികാസങ്ങള് കണ്ട്, എല്ലാത്തിനും സാക്ഷിയായ കാലം ചിരിക്കുന്നു. സാക്ഷിയാകാന് പക്ഷേ കഥാനായകനില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us