കൊല്ലം: മന്ത്രിസ്ഥാനത്തിനായി കത്ത് നല്കുമെന്ന് ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി എംഎല്എ കോവൂര് കുഞ്ഞുമോന്. മുഖ്യമന്ത്രിയെയും എല്ഡിഎഫ് കണ്വീനറെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയെയും കണ്ട് ആവശ്യം ഉന്നയിക്കും. കഴിഞ്ഞ സര്ക്കാരിന്റെ കാലത്തും ഇത്തവണയും കത്തുകള് നല്കിയിരുന്നുവെന്നും കോവൂര് കുഞ്ഞുമോന് പ്രതികരിച്ചു.
മുഖ്യമന്ത്രിയെ കണ്ടപ്പോള് അനുഭാവപൂര്വമായ തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഗണേഷ് മന്ത്രിയായാലും തന്റെ സാധ്യതയ്ക്ക് പ്രശ്നമില്ല. വിഎസ് സര്ക്കാരിന്റെ കാലത്ത് ജില്ലയില് നിന്ന് നാല് മന്ത്രിമാര് ഉണ്ടായിരുന്നു. മന്ത്രിസ്ഥാനത്തിന് ആര്എസ്പി(എല്)ക്ക് അവകാശം ഉണ്ട്. അഞ്ചുതവണയായി താന് എംഎല്എ ആണ്. തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കോവൂര് കുഞ്ഞുമോന് പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനാ ചര്ച്ച സജീവമായതോടെ എല്ഡിഎഫിലെ ചെറുകക്ഷികളില് മന്ത്രിസ്ഥാനം പങ്കിടല് ഉള്പ്പടെ ചര്ച്ചകള്ക്ക് തുടക്കമായിരിക്കുകയാണ്. രണ്ടാം പിണറായി വിജയന് സര്ക്കാര് രണ്ടര വര്ഷം പൂര്ത്തിയാക്കുന്ന പശ്ചാത്തലത്തില് മന്ത്രിസഭാ പുനഃസംഘടന നവംബറിലുണ്ടാകുമെന്നാണ് വാര്ത്തകള് പുറത്തുവന്നത്. ഈ മാസം 20ന് നടക്കുന്ന എല്ഡിഎഫ് യോഗത്തില് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. എ എന് ഷംസീറിനെ സ്പീക്കര് സ്ഥാനത്ത് നിന്ന് മാറ്റും. വീണാ ജോര്ജ്ജ് പകരം സ്പീക്കറായേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തില് നിയമസഭാ സമ്മേളനത്തിനിടയില് ഇടതുപക്ഷ എംഎല്എമാര്ക്കിടയില് വലിയ ചര്ച്ചയാണ് നടന്നത്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.
ഒറ്റ എംഎല്എമാര് മാത്രമുള്ള പാര്ട്ടികളുടെ നിലവിലെ മന്ത്രിമാര് ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില് ഭിന്നാഭിപ്രായമുണ്ട്. സോളാര് വിവാദത്തിന്റെ ഇടയില് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില് അഭിപ്രായ വ്യത്യാസമുള്ളത്. എന്നാല്, മന്ത്രിസഭാ പുനഃസംഘടന വാര്ത്ത സിപിഐഎം നിഷേധിച്ചു. ഈ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നാണ് പല സിപിഐഎം നേതാക്കളും പ്രതികരിച്ചത്.