തിരുവനന്തപുരം: ഐജി ജി ലക്ഷ്മൺ ഐപിഎസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനം. മോണ്സണ് മാവുങ്കല് ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസിലെ എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി പരിഗണിക്കവെയാണ് വിമര്ശനം. അഭിഭാഷകനെ കുറ്റം പറയാന് കക്ഷിയെ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിംഗിള് ബെഞ്ച് ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് വിമര്ശനം.
ആദ്യം അഭിഭാഷകനെ കുറ്റപ്പെടുത്തിയില്ല എന്നായിരുന്നു ഐജിയുടെ വിശദീകരണം. കുറ്റപ്പെടുത്തിയില്ല എങ്കില് എന്തിനാണ് അഭിഭാഷകനെ മാറ്റിയതെന്ന് ഹൈക്കോടതി ചോദിച്ചു. അഭിഭാഷകനെ പഴിചാരി രക്ഷപെടാന് നോക്കരുത്. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിത്. സംഭവിച്ചത് വിശദീകരിച്ച് സത്യവാങ്മൂലം നല്കണമെന്നും ഐജി ലക്ഷ്മൺ ഐപിഎസിനോട് ഹൈക്കോടതി നിര്ദ്ദേശിച്ചു.
വിശദീകരണം നല്കിയില്ലെങ്കില് കനത്ത തുക പിഴ ചുമത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. മുഖ്യമന്ത്രിയുടെ ഓഫീസില് ഗൂഡസംഘം പ്രവര്ത്തിക്കുന്നുവെന്ന വിവാദ പരാമര്ശം അഭിഭാഷകന് എഴുതിച്ചേര്ത്തത് ആണെന്നായിരുന്നു സത്യവാങ് മൂലത്തിലെ വിശദീകരണം. ഈ പരാമര്ശത്തിലാണ് ഐജി ലക്ഷ്മണിനെതിരെ ഹൈക്കോടതി രൂക്ഷവിമര്ശനം ഉയര്ത്തിയത്.