മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിർണ്ണായക ഇടതുമുന്നണി യോഗം നാളെ നടക്കാനിരിക്കെ നേതൃത്വത്തിന് കത്ത് നൽകി എൽജെഡി. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് എല്ജെഡി ഇടതുമുന്നണിക്ക് കത്ത് നല്കിയത്. ഇടതുമുന്നണി കണ്വീനര്ക്കാണ് കത്ത് നല്കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില് പത്ത് കക്ഷികള്ക്കും മന്ത്രിസ്ഥാനമുണ്ട്, എല്ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്കിയിരിക്കുന്നത്. എല്ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്ജെഡി സംസ്ഥാന അധ്യക്ഷന് എംവി ശ്രേയാംസ്കുമാര് ഇടതുമുന്നണി കണ്വീനര്ക്ക് കത്ത് നല്കിയിരിക്കുന്നത്. നാളത്തെ ഇടതുമുന്നണി യോഗത്തിന് മുന്നോടിയായാണ് കത്ത് നല്കിയത്. നാളെ നടക്കുന്ന മുന്നണി യോഗത്തില് ശ്രേയാംസ് കുമാര് പങ്കെടുക്കും.
ഇതിനിടെ മന്ത്രിസഭാ പുനസംഘടനയിൽ എൻസിപിയിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് വന്നു. കരാറുള്ള പാർട്ടികളുടെ പേരിൽ എൻസിപി ഇല്ല. അവകാശവാദം ആർക്കും ഉന്നയിക്കാം, ശശീന്ദ്രൻ പറഞ്ഞു. പ്രഫുൽ പട്ടേൽ നിർണായക ഘട്ടത്തിൽ കാലുവാരി പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിൻറെ വാക്കുകൾക്ക് എൻസിപി പ്രവർത്തകരിൽ ഒരു വിലയുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസിൻ്റെ അവകാശവാദത്തെക്കുറിച്ച് അറിയില്ല. മന്ത്രിസ്ഥാനം ആരിൽ നിന്നും പിടിച്ചു പറിച്ചിട്ടില്ല. പാർട്ടി എന്താണോ പറയുന്നത് അതാണ് തൻ്റെ തീരുമാനമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ഇടതുമുന്നണിയിലെ ധാരണപ്രകാരം ഒറ്റ എംഎല്എമാര് മാത്രമുള്ള പാര്ട്ടികളുടെ നിലവിലെ മന്ത്രിമാര് ഒഴിവാകും. ആൻ്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില് ഭിന്നാഭിപ്രായമുണ്ട്. സോളാര് വിവാദത്തിന്റെ ഇടയില് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില് അഭിപ്രായ വ്യത്യാസമുള്ളത്. ഇതിനിടെ സ്പീക്കർ എഎൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വീണാ ജോർജ്ജിനെ സിപിഐഎം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.