തിരുവനന്തപുരം: പ്രതിപക്ഷമുന്നണി ഇൻഡ്യയുടെ ഏകോപനസമിതിയിൽ നിന്ന് സിപിഐഎം പിന്മാറിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. തെറ്റുകൾ പറ്റുന്നതാണ് സിപിഐഎമ്മിന്റെ ചരിത്രം. ഇൻഡ്യ സഖ്യത്തിൽ നിന്ന് സിപിഐഎം പിന്മാറിയത് മറ്റൊരു തെറ്റായി മാറും. ഈ തീരുമാനം നാളെ തെറ്റുതിരുത്തൽ രേഖയിൽ ഇടംപിടിക്കുമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
സിപിഐഎം യാഥാർത്ഥ്യ ബോധത്തോടെ പ്രവർത്തിക്കണം. ജനാധിപത്യം സംരക്ഷിക്കാൻ സിപിഐഎം നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ജനാധിപത്യ ശക്തികൾക്ക് പുതിയ ചൈതന്യം ലഭിച്ചു എന്നും സുധീരൻ പറഞ്ഞു.
ഇൻഡ്യ മുന്നണിയുടെ ഏകോപനസമിതിയിലേക്ക് അംഗത്തെ അയയ്ക്കേണ്ടതില്ലെന്ന് ദിവസങ്ങൾക്ക് മുമ്പാണ് സിപിഐഎം തീരുമാനിച്ചത്. മുന്നണി വിപുലപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട സിപിഐഎം, സമരങ്ങളിലും മറ്റും യോജിച്ചു പങ്കെടുക്കാമെന്നും നിലപാട് സ്വീകരിച്ചു. ഇൻഡ്യ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയാണെന്നും അതിന് മുന്നണി രൂപമില്ലെന്നുമാണു പാർട്ടി പൊളിറ്റ് ബ്യൂറോ വിലയിരുത്തിയത്. ഏകോപനസമിതിയിൽ ഭാഗമാകുന്നത് തങ്ങൾക്കു വേരുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയനിലപാടെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലിയരുത്തലാണ് സിപിഐഎമ്മിനുള്ളത്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കാനാണു നേരത്തേ പാർട്ടി കേന്ദ്രക്കമ്മിറ്റിയും തീരുമാനിച്ചത്.
അതേസമയം, സിപിഐഎം നിലപാടിനെ തള്ളുന്ന സമീപനമാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. ഇൻഡ്യ’ എന്ന പേരിൽത്തന്നെ അത് സഖ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഐ ജനറൽസെക്രട്ടറി ഡി രാജ പറഞ്ഞു. ഏകോപനസമിതിയിൽനിന്ന് സിപിഐഎം പിന്മാറിയാലും അത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല. ഇപ്പോഴത്തെ ഏകോപനസമിതിയിൽ കൂടുതൽ പാർട്ടികളെ ഉൾപ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്. ബിജെപിയെ പരാജയപ്പെടുത്താൻ മുന്നണിയിലെ സമിതികളുമായെല്ലാം സഹകരിച്ചു പ്രവർത്തിക്കണമെന്ന് പാർട്ടി ദേശീയ എക്സിക്യൂട്ടീവും തീരുമാനിച്ചിട്ടുണ്ട്. സമിതിയിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് സിപിഐഎമ്മാണ് മുന്നണിയിൽ വ്യക്തത വരുത്തേണ്ടതെന്നും രാജ അഭിപ്രായപ്പെട്ടു.