കൊച്ചി: ഗുരുദേവനെ പോലുള്ളവര് ഉദയം ചെയ്തില്ലായിരുന്നുവെങ്കില് നമ്മുടെ നാടിന്റെ അവസ്ഥ എന്താവുമായിരുന്നുവെന്ന് നടന് സലീംകുമാര്. ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തിലാണ് നടന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ ദിവസം കണ്ണൂരിലെ ക്ഷേത്രത്തില് നിന്നും മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തെ പരാമര്ശിച്ചുകൊണ്ടാണ് പോസ്റ്റ്.
'കേരളം ഭരിക്കുന്ന ഒരു മന്ത്രിക്കു പോലും ജാതിയുടെ പേരില് ഈ ഡിജിറ്റല് യുഗത്തില് പീഡനങ്ങള് അനുഭവിക്കാമെങ്കില് മനുഷ്യരായി ജീവിക്കാനുള്ള അവകാശവും, അര്ഹതയും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില് 'ആരും ആര്ക്കും അന്യരല്ല,'എന്ന മന്ത്രമോതി ജാതി പരത്തിയ കൂരിരുളില് മനുഷ്യത്വത്തിന്റെ വിളക്ക് കൊളുത്തിയ ഗുരുദേവനെ പോലുള്ളവര് ഉദയം ചെയ്തില്ലായിരുന്നു എങ്കില് എന്തായിരുന്നേനെ നമ്മുടെ നാടിന്റെ അവസ്ഥ. മഹാഗുരോ :പ്രണാമം.' സലീം കുമാര് കുറിച്ചു.
പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലായിരുന്നു മന്ത്രിക്ക് ജാതി വിവേചനം നേരിട്ടത്. ഇക്കാര്യം കെ രാധാകൃഷ്ണന് തന്നെയാണ് മറ്റൊരു വേദിയില് പറഞ്ഞത്. കഴിഞ്ഞ ജനുവരി 26 നായിരുന്നു സംഭവം.
ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ നടപ്പന്തല് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാര് നിലവിളക്ക് കൊളുത്തിയ ശേഷം ദീപം മന്ത്രിക്ക് കൈമാറാനായി സഹപൂജാരിക്കായി കൈമാറി. എന്നാല് അത് മന്ത്രിക്ക് കൈമാറാതെ നിലത്ത് വെക്കുകയായിരുന്നു. തുടര്ന്ന് ദീപം മന്ത്രി എടുക്കാന് തയ്യാറായില്ല. പിന്നാലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര് ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന് തയ്യാറല്ലായിരുന്നു.