ആലപ്പുഴ: മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ ഭിന്നത രൂക്ഷം. എ കെ ശശീന്ദ്രനും പി സി ചാക്കോയ്ക്കും പ്രത്യേക അജണ്ടയുണ്ടെന്ന് തോമസ് കെ തോമസ് എംഎൽഎ ആരോപിച്ചു. താൻ മന്ത്രിയാകുന്നതിൽ ഇരുവർക്കും എതിർപ്പാണ്. താൻ പാർട്ടിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ദേശീയ നേതൃത്വതോടൊപ്പമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
താൻ എപ്പോൾ ദേശിയ നേതൃത്വത്തെ കാണണം എന്ന് ശശീന്ദ്രൻ അല്ല തീരുമാനിക്കേണ്ടത്. പാർട്ടിയിൽ അതൊരു ചർച്ചാ വിഷയമല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അത് കള്ളമാണ്. പാർട്ടിയിൽ അത് ചർച്ചയായിരുന്നു. കേന്ദ്ര നേതൃത്വം എടുത്ത തീരുമാനം ആണ് മന്ത്രിസ്ഥാനം വീതം വെക്കുന്നത്. തനിക്ക് അതിൽ ഉത്കണ്ഠയില്ല. കേന്ദ്രം നൽകിയ വാക്കാണ് മന്ത്രിസ്ഥാനമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ആലപ്പുഴയിൽ സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നു എന്ന ആരോപണം തോമസ് കെ തോമസ് എംഎൽഎ നിഷേധിച്ചു. സാമന്തര പാർട്ടിപ്രവർത്തനം നടത്തുന്നില്ല. ആലപ്പുഴ ജില്ലാ പ്രസിഡന്റ്നെ താൻ അംഗീകരിക്കുന്നില്ല. അത് പറയുക മാത്രമാണ് ചെയ്തത്. അതിന് സമാന്തര പാർട്ടി പ്രവർത്തനം എന്ന് വിളിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ മാണി സി കാപ്പനോട് മത്സരിക്കാൻ ആവശ്യപ്പെട്ടതായും തോമസ് കെ തോമസ് പറഞ്ഞു.
പി സി ചാക്കോ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. എ കെ ശശീന്ദ്രനും പിസി ചാക്കോയ്ക്കും പ്രതേക അജണ്ട ഉണ്ട്. നിയമനങ്ങൾ പോലും ഇവർക്ക് ഇഷ്ട്ടം ഉള്ളവർക്ക് നൽകുന്നു. പി സി ചാക്കോയും ശശീന്ദ്രനും ഉള്ള ഫ്ലെക്സിൽ തന്റെ ഫോട്ടോ വെക്കുന്നില്ല. എൻസിപി എംഎൽഎ ആണ് താൻ. ഇതിനെതിരെ ചാക്കോയ്ക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. മാറ്റാരോ വച്ച ഫ്ലെക്സിൽ തന്റെ ഫോട്ടോ കണ്ടതിനു തനിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. താൻ മന്ത്രിയാകുന്നതിൽ ഇരുവർക്കും എതിർപ്പുണ്ട്. എന്നാൽ യോഗ്യത ഉണ്ടെങ്കിൽ മന്ത്രി ആകും. അത് നവംബറിൽ മനസിലാകുമെന്നും തോമസ് കെ തോമസ് എംഎൽഎ കൂട്ടിച്ചേർത്തു.