'സാമ്പ്രദായിക രീതികളെ റദ്ദ് ചെയ്ത സംവിധായകൻ'; കെ ജി ജോർജിനെയോർത്ത് കമൽ

'പുതുതലമുറ ഏറ്റവും കൂടുതല് കാണുന്നതും ചര്ച്ച ചെയ്യുന്നതും ഇരകള് എന്ന സിനിമയാണ്'

dot image

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്ജിന്റെ മരണത്തില് അനുശോചിച്ച് സംവിധായകന് കമല്. മലയാള സിനിമ കണ്ടിട്ടുളള ഏറ്റവും മികച്ച സംവിധായകനാണ് അദ്ദേഹം. തന്റെ പ്രേക്ഷകര് എന്ന് പറയുന്നത് തന്റെ ഒപ്പം സഞ്ചരിക്കുന്നവരാണ്. അങ്ങനെ തന്നെയായിരിക്കണം സിനിമ എന്ന് വിശ്വസിച്ചിരുന്ന ആളാണ് അദ്ദേഹം. സാമ്പ്രദായിക രീതികളെയൊക്കെ അദ്ദേഹം റദ്ദ് ചെയ്തു. സദാചാര ബോധ്യങ്ങളെയൊക്കെ നിഷേധിച്ചു. അത്തരം വിഷയങ്ങളെ ശക്തമായി കാണിക്കുവാനും അദ്ദേഹത്തിന് സാധിച്ചുവെന്നും ഇന്ത്യന് സിനിമയിലെ തന്നെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയിട്ടുളള ചലചിത്രകാരനാണ് കെ ജി ജോര്ജെന്നും കമല് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

അദ്ദേഹത്തിന്റെ ചലചിത്ര ഭാഷ മറ്റ് സിനിമകളില് നിന്ന് വ്യത്യസ്തമാണ്. മലയാള സിനിമയിലെ ഏറ്റവും നല്ല തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. ഒരു സംവിധായകന് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും നല്ലൊരു ടെക്സ്റ്റ് ബുക്ക് ആണ് കെ ജി ജോർജെന്നും കമൽ ഓർമ്മിച്ചു.

പുതുതലമുറ ഏറ്റവും കൂടുതല് കാണുന്നതും ചര്ച്ച ചെയ്യുന്നതും ഇരകള് എന്ന സിനിമയാണ്. വലിയൊരു സുഹത്തും വഴിക്കാട്ടിയുമായിരുന്നു. ഏത് ഘട്ടത്തിലും അദ്ദേഹത്തിന്റെ സാമീപ്യം വലിയ ആശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ വേര്പാടില് വലിയ ദുഃഖമുണ്ട്. കാല് നൂറ്റാണ്ടായി സിനിമ ചെയ്തില്ലെങ്കിലും മലയാള സിനിമയില് നിറഞ്ഞുനിന്നിരുന്നു. ഇനിയും ഒരുപാട് കാലം അദ്ദേഹം മലയാള സിനിമയില് ഓര്ത്തിരിക്കുമെന്നും കമൽ പറഞ്ഞു.

എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില് വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു.

മലയാള സിനിമാ ചരിത്രത്തില് ഒരുപിടി മികച്ച സിനിമകള് സമ്മാനിച്ച സംവിധായകനാണ് കെ ജി ജോര്ജ്. കാലത്തിന് മുന്നേ സഞ്ചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള് ഇന്നും പ്രേക്ഷകര്ക്ക് വിസ്മയമാണ്. യവനിക, ഇരകള്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.

1976ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ സ്വപ്നാടനം പുറത്തിറങ്ങുന്നത്. 1974ല് പുറത്തിറങ്ങിയ 'നെല്ലി'ന്റെ തിരക്കഥ നിര്വഹിച്ചത് അദ്ദേഹമായിരുന്നു. ഇരുപതോളം ചിത്രങ്ങളാണ് കെ ജി ജോര്ജിന്റേതായി എത്തിയിട്ടുള്ളതെങ്കിലും മലയാള സിനിമയുടെ ചരിത്രത്തില് വിപ്ലവകരമായ മാറ്റങ്ങള്ക്കാണ് അദ്ദേഹം തുടക്കമിട്ടത്. വ്യവസ്ഥാപിതമായ മലയാള സിനിമാ സങ്കല്പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമയും അതിലെ കഥാപാത്രങ്ങളും.

ആദ്യ ചിത്രമായ സ്വപ്നാടനത്തിന് ദേശീയ പുരസ്കാരവും യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള് തുടങ്ങിയ ചിത്രങ്ങള്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു. 2016ല് ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ സി ഡാനിയേല് പുരസ്കാരത്തിനും അദ്ദേഹം അര്ഹനായി.

സാമുവല്- അന്നാമ്മ ദമ്പതികളുടെ മകനായി 1945 മെയ് 24ന് തിരുവല്ലയിലായിരുന്നു ജനനം. കുളക്കാട്ടില് ഗീവര്ഗീസ് ജോര്ജ് എന്നാണ് മുഴുവന് പേര്. തിരുവല്ല എസ്ഡി സ്കൂളില് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശ്ശേരി എന്എസ്എസ് കോളേജില് നിന്നും പൊളിറ്റിക്കല് സയന്സില് ബിരുദം നേടി. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നിന്നാണ് സിനിമാ പഠനം പൂര്ത്തിയാക്കിയത്. പ്രശസ്ത സംവിധായകന് രാമു കാര്യാട്ടിന്റെ സഹായിയായി ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. ഗായിക സല്മയുമായി 1977ലായിരുന്നു വിവാഹം. അരുണ്, താര എന്നിവര് മക്കളാണ്.

dot image
To advertise here,contact us
dot image