തിരുവനന്തപുരം: അന്തരിച്ച സംവിധായകന് കെ ജി ജോര്ജിനെ 'മാസ്റ്റര് ഓഫ് പെര്ഫെക്ഷന്' എന്ന് വിശേഷിപ്പിച്ച് മധുപാല്. വല്ലാതെ സങ്കടപ്പെടുത്തുന്ന വേര്പാട് ആണ്. ഓരോ സെക്കന്റിലും തിരിച്ചുവരണമേയെന്ന പ്രാര്ത്ഥനയുണ്ടായിരുന്നുവെന്നും മധുപാല് പറഞ്ഞു.
'ജോര്ജ് സാറിന്റെ വേര്പാട് സങ്കടപ്പെടുത്തുന്നതാണെങ്കിലും അത് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രി വാസത്തെക്കുറിച്ചും തുടര്ന്നുള്ള ദിവസങ്ങളേക്കുറിച്ചുമെല്ലാം എനിക്കറിയാമായിരുന്നു. പക്ഷെ ഓരോ സെക്കന്റിലും തിരിച്ചുവരണമേയെന്ന പ്രാര്ത്ഥനയുണ്ടായിരുന്നു. കാരണം മലയാള സിനിമയെ എക്കാലത്തും ഔന്നിത്യത്തില് നിര്ത്തുന്ന ഒരു ചലച്ചിത്രക്കാരനാണ് അദ്ദേഹം. യവനിക പോലുള്ള സിനിമ പിന്നീടും അതിന് ശേഷവും സംഭവിച്ചിട്ടില്ല. കലാകാരന്മാര്ക്ക് പ്രചോദനമായിരുന്നു. എല്ലാ കാലത്തും അദ്ദേഹത്തിന്റെ സിനിമ ചര്ച്ച ചെയ്യപ്പെടും. ഇലവങ്കോട് ദേശത്തിന് ശേഷം ചില ടെലിവിഷന് പ്രോഗാമുകള് ചെയ്തിരുന്നു. എന്നാല് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടായിരുന്നു. പെര്ഫെക്ഷന്റെ മാസ്റ്ററായിരുന്നു കെ ജി ജോര്ജ്. അദ്ദേഹവും വര്ക്ക് ഓഫ് ആര്ട്ടും ആജീവനാന്തകാലം മനുഷ്യമനസ്സിലുണ്ടാവും.' മധുപാല് പറഞ്ഞു.
വാര്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോര്ജിന്റെ അന്ത്യം. മലയാള സിനിമാ ചരിത്രത്തില് ഒരുപിടി മികച്ച സിനിമകള് സമ്മാനിച്ച സംവിധായകനാണ് കെ ജി ജോര്ജ്. കാലത്തിന് മുന്നേ സഞ്ചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള് ഇന്നും പ്രേക്ഷകര്ക്ക് വിസ്മയമാണ്. യവനിക, ഇരകള്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക