'കെ ജി ജോർജാണ് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് മനസ്സിലായില്ല'; ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്

'ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയാണ്'

dot image

സംവിധായകൻ കെ ജി ജോര്ജിന്റെ നിര്യാണത്തില് നടത്തിയ അബദ്ധ പ്രതികരണത്തില് ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയാണ്. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അതിനാൽ പ്രതികരണത്തിലെ അനൗചിത്യത്തിൽ പാർട്ടി പ്രവർത്തകർക്കും കെ ജി ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ സുധാകരന് ഫേസ്ബുക്കില് കുറിച്ചു. കെ ജി ജോർജിന്റെ വിയോഗത്തിൽ അദ്ദേഹം തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.

കെ ജി ജോർജിന്റെ വിയോഗത്തിന് പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണമെടുക്കുമ്പോഴാണ് കെ സുധാകരൻ അബദ്ധ പ്രതികരണം നടത്തിയത്. 'ജോര്ജ് നല്ലൊരു പൊതുപ്രവർത്തകൻ ആയിരുന്നു. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു. കഴിവും പ്രാപ്തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്,' എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image