'അച്ചു ഉമ്മന്റെ സ്ഥാനാര്ത്ഥിത്വം ഇപ്പോഴേ പ്രവചിക്കേണ്ടതില്ല, സമയമുണ്ട്'; കെ സുധാകരന്

പത്തനംതിട്ട മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്ത്ഥി പട്ടികയില് അച്ചു ഉമ്മന്റെ പേരും ഇടം നേടിയേക്കുമെന്ന വാര്ത്തകള്ക്കിടെയാണ് സുധാകരന്റെ പ്രതികരണം

dot image

കൊച്ചി: അച്ചു ഉമ്മന്റെ ലോക്സഭാസ്ഥാനാര്ത്ഥിത്വം ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരന്. അതിന് അതിന്റേതായ സമയമുണ്ട്. വരുന്ന സാഹചര്യം അനുസരിച്ച് കാര്യങ്ങള് തീരുമാനിക്കുമെന്നും കെ സുധാകരന് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്ത്ഥി പട്ടികയില് അച്ചു ഉമ്മന്റെ പേരും ഇടം നേടിയേക്കുമെന്ന വാര്ത്തകള്ക്കിടെയാണ് സുധാകരന്റെ പ്രതികരണം.

അതേസമയം അച്ചു ഉമ്മന് ലോക്സഭാ സ്ഥാനാര്ത്ഥി ആകുന്നതിനോട് തനിക്ക് പൂര്ണ്ണ യോജിപ്പാണെന്ന് കോട്ടയം എംഎല്എ കൂടിയായ മുതിര്ന്ന നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു കഴിഞ്ഞു. അച്ചു ഉമ്മന് പാര്ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്ട്ടിയില് താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പാര്ട്ടിക്കൊരു ശീലമുണ്ട്. അത് അനുസരിച്ചാണ് ഇക്കാര്യങ്ങള് ഒക്കെ വരിക. അച്ചു ഉമ്മന് ഒരു വ്യക്തിയെന്ന നിലയില് മിടുമിടുക്കിയാണ്. ഞങ്ങള്ക്കെല്ലാം പരിപൂര്ണ്ണ സമ്മതമുള്ള കൊച്ചുമോളാണ്. അതിലെല്ലാം പൂര്ണയോജിപ്പാണ്. എന്നാല് പാര്ട്ടിയാണ് സ്ഥാനാര്ത്ഥിത്വം തീരുമാനിക്കേണ്ടത്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ.' എന്നായിരുന്നു തിരുവഞ്ചൂര് രാധാകൃഷ്ണന്റെ പ്രതികരണം.

എന്നാല് ഉമ്മന്ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള ഒരു ഇടവേളയ്ക്കിപ്പുറം കണ്ടന്റ് ക്രിയേഷന് രംഗത്ത് സജീവമായിരിക്കുകയാണ് അച്ചു ഉമ്മന്. വിദേശത്ത് സ്ഥിരതാമസമാക്കിയ അച്ചു ഉമ്മനും കുടുംബവും ഉമ്മന് ചാണ്ടിയുടെ മരണത്തെത്തുടര്ന്ന് തന്റെ ജോലിയില് നിന്ന് വിട്ടു നില്ക്കുകയായിരുന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും സജീവമായിരുന്നു. ഒരു ഘട്ടത്തില് അച്ചു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. എന്നാല് താന് തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇല്ലെന്ന നിലപാടാണ് അച്ചു സ്വീകരിച്ചത്. പാര്ട്ടിക്കുള്ളില് നിന്നുള്ള ആവശ്യം ഏറിയാല് അച്ചു തീരുമാനം മാറ്റുമോ എന്നതില് ഇപ്പോള് വ്യക്തതയില്ല.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image