കൊച്ചി: അന്തരിച്ച പ്രശസ്ത മലയാളം സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന് അനുശോചനമർപ്പിച്ച് സംവിധായകനും നടനുമായ മുരളി ഗോപി. അച്ഛന്റെ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങള് വന്നിട്ടുളളത് ജോര്ജ് സാറിന്റെ സിനിമകളിലാണ്. ആദാമിന്റെ വാരിയെല്ലിലെ മാമച്ചന്, യവനികയിലെ അയ്യപ്പന്, പഞ്ചവടിപ്പാലത്തിലെ ദുശാസന കുറുപ്പൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. അച്ഛന് ആത്മഐക്യം തോന്നിയിട്ടുളള സംവിധായകന് കൂടിയാണ് കെ ജി ജോര്ജ്. അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനുമായിരുന്നു അദ്ദേഹമെന്നും മുരളി ഗോപി ഓർമ്മിച്ചു. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു മുരളി ഗോപി.
ഒരു നടന് പല വേഷങ്ങളില് പരകായപ്രവേശം നേടുമ്പോഴുളള ഒരു ക്രാഫ്റ്റ് സംവിധാനത്തില് കൊണ്ടുവന്നിട്ടുളള മഹാനായ സംവിധായകനാണ് കെ ജി ജോര്ജ്. പല പല ഴോണറില്പെട്ട സിനിമകള് ഒരേ ക്രാഫ്റ്റിന്റെ ബ്രില്യന്സോട് കൂടി ചെയ്ത ഇതുപോലൊരു സംവിധായകന് നമുക്ക് ഉണ്ടോ എന്നത് സംശയമാണ്. സിനിമയിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. യവനിക പോലെയുളള വാണിജ്യ സിനിമകള് ഉണ്ടാക്കിയപ്പോഴും അന്നത്തെ കച്ചവട സിനിമകളുടെ ഇക്വേഷന്റെ ഇടയില് നിന്ന് തിരിഞ്ഞുനില്പ്പുണ്ട് അദ്ദേഹത്തിന്. ആ തിരിഞ്ഞു നില്പ്പില് അദ്ദേഹം വിജയമുണ്ടാക്കിയെന്നും മുരളി ഗോപി പറഞ്ഞു.
നസീര് സാറിന്റെ 'ഇവനൊരു സിംഹം' എന്ന ചിത്രത്തിനൊപ്പമാണ് യവനിക റിലീസ് ചെയ്തത്. അത് വൻ ഹിറ്റായിരുന്നു. അന്നത്തെ സിനിമയുടെ സൗന്ദര്യ ശാസ്ത്രത്തിന് കടകവിരുദ്ധമായി നിന്നുകൊണ്ട് വിജയം കൈവരിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വലിയ വിജയം. യവനികയ്ക്ക് ശേഷം അതേ ഫോര്മാറ്റില് ഒരുപാട് ക്രൈം ത്രില്ലറുകള് വന്നു. അത് ആദ്യമായി ചെയ്തുവെന്നതും അതില് ഉപയോഗിച്ചിട്ടുളള സങ്കേതങ്ങള് പിന്നീട് അനുകരിക്കപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. പഞ്ചവടിപ്പാലം ഹാസ്യത്തിന് പ്രാധാന്യം നല്കിയിട്ടുളള സിനിമയാണ്. അതിനെ പിന്പറ്റി ഒരുപാട് സിനിമകള് ഉണ്ടായിട്ടുണ്ട്. അതിന്റെ എല്ലാം പിതൃത്വം കെ ജി ജോര്ജ് സാറിനാണെന്നും മുരളി ഗോപി പറഞ്ഞു.
കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില് വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക