'നവഭാവുകത്വം സൃഷ്ടിച്ച പ്രതിഭാശാലി'; കെ ജി ജോർജിനെയോർത്ത് രമേശ് ചെന്നിത്തല

'അദ്ദേഹത്തിന്റെ സിനിമകളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നുണ്ട്'

dot image

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ മരണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല എംഎൽഎ. വ്യത്യസ്തമായ കഥകളും വ്യത്യസ്തമായ ആഖ്യാന ശൈലിയുംകൊണ്ട് മലയാള സിനിമയ്ക്ക് നവഭാവുകത്വം വിളക്കിച്ചേർത്ത പ്രതിഭാശാലിയായിരുന്നു കെ ജി ജോർജ്. ഇന്നും അദ്ദേഹത്തിന്റെ സിനിമകളുടെ പ്രസക്തി നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് രാവിലെ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില് വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. യവനിക, ഇരകള്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.

പ്രശസ്ത സംവിധായകന് രാമു കാര്യാട്ടിന്റെ സഹായിയായി ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. 1976ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ സ്വപ്നാടനം പുറത്തിറങ്ങുന്നത്. 1974ല് പുറത്തിറങ്ങിയ 'നെല്ലി'ന്റെ തിരക്കഥ നിര്വഹിച്ചത് അദ്ദേഹമായിരുന്നു. ഇരുപതോളം ചിത്രങ്ങളാണ് കെ ജി ജോര്ജിന്റേതായി എത്തിയിട്ടുള്ളതെങ്കിലും മലയാള സിനിമയുടെ ചരിത്രത്തില് വിപ്ലവകരമായ മാറ്റങ്ങള്ക്കാണ് അദ്ദേഹം തുടക്കമിട്ടത്. വ്യവസ്ഥാപിതമായ മലയാള സിനിമാ സങ്കല്പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമയും അതിലെ കഥാപാത്രങ്ങളും.

ആദ്യ ചിത്രമായ സ്വപ്നാടനത്തിന് ദേശീയ പുരസ്കാരവും യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള് തുടങ്ങിയ ചിത്രങ്ങള്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു. 2016ല് ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ സി ഡാനിയേല് പുരസ്കാരത്തിനും അദ്ദേഹം അര്ഹനായി. സാമുവല്- അന്നാമ്മ ദമ്പതികളുടെ മകനായി 1945 മെയ് 24ന് തിരുവല്ലയിലായിരുന്നു ജനനം. കുളക്കാട്ടില് ഗീവര്ഗീസ് ജോര്ജ് എന്നാണ് മുഴുവന് പേര്. ഗായിക സല്മയുമായി 1977ലായിരുന്നു വിവാഹം. അരുണ്, താര എന്നിവര് മക്കളാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us