മലയാള സിനിമയുടെ റഫറന്സ് പുസ്തകമാണ് കെ ജി ജോര്ജ് എന്ന സംവിധായകനും അദ്ദേഹത്തിന്റെ സിനിമകളും. മലയാളത്തില് നവതരംഗത്തിന് വഴിതുറന്ന, കാലാതീതമായ സിനിമകളെടുത്ത സംവിധായകന്. സ്വപ്നാടനത്തില് തുടങ്ങി ഇലവങ്കോട് ദേശത്തില് അവസാനിച്ച കെ ജി ജോര്ജിന്റെ സിനിമാ ജീവിതത്തിലൂടെ.
മലയാള സിനിമക്ക് പുതിയ ഭാഷ്യവും രൂപവും നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്ജ്. 40 വര്ഷത്തിനിടെ 19 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മലയാള സിനിമ പതിവ് ശൈലിയില് മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് 1975 ല് സ്വപ്നാടനത്തിലൂടെ കെ ജി ജോര്ജിന്റെ രംഗപ്രവേശം. അന്നത്തെ ന്യൂജനറേഷന് സിനിമയായിരുന്നു സ്വപ്നാടനം. ആ വര്ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്ഡും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്ഡും, സ്വപ്നാടനം നേടി.
മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കുന്ന ഉള്ക്കടല്, ഏറ്റവും മികച്ച ആക്ഷേപഹാസ്യ ചിത്രമെന്ന് വിശേഷിപ്പിക്കുന്ന പഞ്ചവടിപ്പാലം, കുറ്റാന്വേഷണ സിനിമ യവനിക, സൈക്കോളജിക്കല് ത്രില്ലര് ഇരകള്, സ്ത്രീപക്ഷ സിനിമ 'ആദാമിന്റെ വാരിയെല്ല്'... ഓരോ ഴോണറിലുളള ഓരോ ചിത്രങ്ങള്. 40 വര്ഷ കാലയളവില് കെ ജി ജോര്ജ് മലയാള സിനിമക്ക് സമ്മാനിച്ചത് ഇതെല്ലാമാണ്.
ഉള്ക്കടല്, കോലങ്ങള്, മേള, ഇരകള്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, കഥയ്ക്ക് പിന്നില്, മറ്റൊരാള്, ഈ കണ്ണി കൂടി, തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കയ്യൊപ്പോടെയെത്തി. 1998ല് പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അവസാനചിത്രം. സ്വപ്നാടത്തിന് പുറമെ യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകള് തുടങ്ങിയ ചിത്രങ്ങള്ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് ലഭിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെസി ഡാനിയേല് പുരസ്കാരത്തിനും അര്ഹനായി.
തന്റെ സിനിമകളിലൂടെ മലയാള സിനിമാ ചരിത്രത്തില് വിപ്ലവകരമായ പല മാറ്റങ്ങള്ക്കും തുടക്കമിട്ട സംവിധായകനായിരുന്നു കെ ജി ജോര്ജ്. വ്യവസ്ഥാപിത നായക-നായിക സങ്കല്പ്പങ്ങളെയും, കപടസദാചാരത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്പ്പിക അതിര്ത്തികളെയും കെ ജി ജോര്ജ് പൊളിച്ചെഴുതി.
1946 മേയ് 24ന് തിരുവല്ലയിലാണ് കെജി ജോര്ജ് ജനിച്ചത്. 1968ല് കേരള സര്വ്വകലാശാലയില് നിന്നു ബിരുദവും 1971ല് പൂനെ ഫിലിം ഇന്സ്റ്റിറ്റൂട്ടില് നിന്നു സിനിമാസംവിധാനത്തില് ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. മലയാള സിനിമയുടെ സുവര്ണ കാലഘട്ടത്തെ അടയാളപ്പെടുത്തിയ, പുതുമയും കരുത്തും നല്കിയ പ്രതിഭാധനനായ കെ ജി ജോര്ജിന് റിപ്പോര്ട്ടറിന്റെ പ്രണാമം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക