ന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില് അച്ചു ഉമ്മന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചാണ്ടി ഉമ്മന് എംഎല്എ. അച്ചു ഉമ്മന്റെ സ്ഥാനാര്ത്ഥിത്വം മാധ്യമങ്ങള് ഉണ്ടാക്കുന്ന അനാവശ്യ ചര്ച്ചയാണെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു.
ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കണ്വീനര് നേരത്തേ നല്കിയതാണെന്നും ചാണ്ടി ഉമ്മന് ഡല്ഹിയില് പറഞ്ഞു. അച്ചു ഉമ്മന്റെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്ച്ചകളോട് കോണ്ഗ്രസിലെ മുതിര്ന്ന നേതാക്കള് നേരത്തേ പ്രതികരിച്ചിരുന്നു.
അച്ചു മത്സരിക്കുന്നതില് എല്ലാവര്ക്കും പൂര്ണ യോജിപ്പെന്നാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് പ്രതികരിച്ചത്. അച്ചു മിടുമിടുക്കിയാണ്. എന്നാല് ഇക്കാര്യത്തില് അന്തിമ തീരുമാനം പാര്ട്ടി എടുക്കുമെന്നും തിരുവഞ്ചൂര് പറഞ്ഞിരുന്നു.
അച്ചു ഉമ്മന് ഒരു വ്യക്തിയെന്ന നിലയില് മിടുമിടുക്കിയാണ്. ഞങ്ങള്ക്കെല്ലാം പരിപൂര്ണ്ണ സമ്മതമുള്ള കൊച്ചുമോളാണ്. അതിലെല്ലാം പൂര്ണയോജിപ്പാണ്. എന്നാല് പാര്ട്ടിയാണ് സ്ഥാനാര്ത്ഥിത്വം തീരുമാനിക്കേണ്ടത്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ എന്നാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞത്.
സ്ഥാനാര്ത്ഥിത്വം ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമില്ലെന്നാണ് കെ സുധാകരന് പ്രതികരിച്ചത്. അതിന് അതിന്റേതായ സമയമുണ്ടെന്നും വരുന്ന സാഹചര്യം അനുസരിച്ച് കാര്യങ്ങള് തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞിരുന്നു.