കൊച്ചി: താനൂര് ലഹരി മരുന്ന് കേസില് മൂന്ന് പേര്ക്ക് കൂടി ജാമ്യം. കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തവര്ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി മന്സൂര്, മൂന്നാം പ്രതി ആബിദ്, അഞ്ചാം പ്രതി മുഹമ്മദ് എന്നിവര്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നാലാം പ്രതി ജാബിറിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു.
മൂന്ന് പേരുടെ ജാമ്യാപേക്ഷയില് അവ്യക്തത ഉണ്ടായിരുന്നതിനാല് ഇത് മാറ്റുന്നതിനായാണ് അഭിഭാഷകന് കോടതി സമയം അനുവദിച്ചത്. ഇത് ശരിയാക്കിയ ശേഷമാണ് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. താമിര് ജിഫ്രിക്കൊപ്പം കസ്റ്റഡിയില് എടുത്ത നാല് പേരും കോഴിക്കോട് കസബ സബ് ജയിലില് കഴിയുകയായിരുന്നു.
ലഹരി നിരോധന നിയമപ്രകാരം ആണ് ഇവര്ക്കെതിരെ കേസ് ചുമത്തിയിരുന്നത്. ഡാന്സാഫ് ടീം അന്യായമായാണ് കസ്റ്റഡിയില് എടുത്തതെന്നായിരുന്നു ജാബിര് ഉള്പ്പടെയുള്ളവര് കോടതിയില് വാദിച്ചത്. ജുഡീഷ്യല് കസ്റ്റഡി അവസാനിപ്പിക്കണമെന്നും ജാമ്യം നല്കണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ താനൂര് കസ്റ്റഡി കൊലപാതക കേസില് സിബിഐ ഒന്നാം ഘട്ട അന്വേഷണം പൂര്ത്തിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്ത്തിയാക്കിയത്. കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര് പൊലീസ് ക്വാര്ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക