മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുളള മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ അധിക്ഷേപത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആ ഒരു വാക്ക് മാത്രം എടുത്ത് അല്ല പരിശോധിക്കേണ്ടത്. പ്രസംഗം മുഴുവനും വ്യക്തമായി കേള്ക്കണം. ആരോഗ്യവകുപ്പ് എത്രമാത്രം മോശമായിരുന്നുവെന്നാണ് പ്രസംഗത്തില് പറയുന്നത്. ആ ഒരു വാക്കാണ് പ്രശ്നമെങ്കില് അത് മുസ്ലിം ലീഗിന്റെ ഔദ്യോഗിക നിലപാട് അല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. റിപ്പോർട്ടർ ടിവി പ്രത്യേക പരിപാടിയായ റിപ്പോർട്ടർ പ്രസ് കോൺഫറൻസിലാണ് പിഎംഎ സലാമിന്റെ പ്രതികരണം.
ആരോഗ്യവകുപ്പിന്റെ പരാജയം വ്യക്തമായി കാണുന്നുണ്ട്. അത് അംഗീകരിക്കുന്നു. അതൊരു പൊതുയോഗത്തില് ഉപയോഗിക്കുന്ന ഭാഷയാണ്. മുസ്ലിം ലീഗിന്റെ നയമാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അതിന് ആ പരിപാടി, നയം വ്യക്തമാക്കുന്ന പരിപാടിയായിരുന്നില്ല. ഇടതുപക്ഷ സര്ക്കാര് അവരുടെ കയ്യിലുളള ഏജന്സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ഉപദ്രവിക്കുകയാണ്. പല ഘട്ടത്തിലും വനിതാ കമ്മീഷനെ കണ്ടിട്ടില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് സജ്ജമാണെന്നും പിഎംഎ സലാം പറഞ്ഞു. എത്ര മണ്ഡലങ്ങളില് മത്സരിക്കണമെന്നതില് ലീഗിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന് സാധിക്കില്ല. കാരണം തങ്ങള് യുഡിഎഫിന്റെ ഭാഗമാണെല്ലോ. എത്ര സീറ്റ് വേണമെന്നത് മുസ്ലിം ലീഗ് ചര്ച്ച ചെയ്തിട്ടില്ല. അത്തരം ചര്ച്ചകളിലേക്ക് പാര്ട്ടി കടന്നിട്ടില്ല. ഓരോ ഘടക കക്ഷിയും എത്ര മണ്ഡലങ്ങളില് മത്സരിക്കണമെന്ന് യുഡിഎഫില് ചര്ച്ച ചെയ്താണ് തീരുമാനിക്കുന്നത്. യുഡിഎഫില് എത്ര സീറ്റ് കിട്ടുമെന്നതിലല്ല പ്രധാനം. ഇന്ഡ്യ മുന്നണിയുടെ ഭാഗമെന്ന നിലയ്ക്ക് അതിനെ നിലനിര്ത്തേണ്ടതും വരുന്ന തിരഞ്ഞെടുപ്പില് രാജ്യത്തെ രക്ഷിക്കേണ്ടതിന്റേയും ചുമതല മുസ്ലിം ലീഗിനുണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.
മുസ്ലിം സമുദായത്തെ മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങളേയും പിന്നാക്ക ദളിത് വിഭാഗങ്ങളേയുമെല്ലാം വിശ്വാസത്തിലെടുത്ത് യോജിച്ച് നിന്നുളള ഒരു പോരാട്ടമാണ് മുസ്ലിം ലീഗ് നടത്താൻ പോകുന്നത്. ജനാധിപത്യ സംവിധാനവും മതേതരത്വവും ഇന്ത്യ രാജ്യത്ത് നിലനില്ക്കണം എന്ന് ആഗ്രഹിക്കുന്ന ഈ തിരഞ്ഞെടുപ്പില്, മുസ്ലിം ലീഗ് എടുക്കാന് പോകുന്ന തന്ത്രം ഇതായിരിക്കും. കേരള ജനത കൂടെയുണ്ടാകുമെന്നാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും പിഎംഎ സലാം പറഞ്ഞു. ഇത്തവണ യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള് വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക