തിരുവനന്തപുരം: ജെഡിഎസുമായി ചർച്ച നടത്തി എംവി ശ്രേയാംസ് കുമാർ. മാത്യു ടി തോമസുമായി സംസാരിച്ചുവെന്നും ആർജെഡിയുടെ ഭാഗമാവണമെന്ന് ആവശ്യപ്പെട്ടുവെന്നും എംവി ശ്രേയാംസ് കുമാർ പറഞ്ഞു. ഏഴിന് നടക്കുന്ന ജെഡിഎസ് സംസ്ഥാന സമിതിയ്ക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രേയാംസ് കുമാർ വ്യക്തമാക്കി. ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും മന്ത്രിസഭാ പുനഃസംഘടനയിൽ തങ്ങൾക്കും അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചയാകാമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതായും ശ്രേയാംസ് കുമാർ പറഞ്ഞു.
രണ്ടാം പിണറായി സര്ക്കാരിന്റെ രണ്ടര വര്ഷം അടുത്തെത്തുന്നതോടെയാണ് മന്ത്രിസ്ഥാനം വെച്ചുമാറൽ ചര്ച്ചകൾ സജീവമായത്. രണ്ടര വർഷത്തിനുശേഷം പരിഗണന ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്നും മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ശ്രേയാംസ് കുമാര് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനതാദൾ എസ് കേരള ഘടകം എൻഡിഎയുടെ ഭാഗമാകില്ലെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡണ്ട് മാത്യൂ ടി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ ദേശീയ കമ്മിറ്റിയോ നാഷണൽ കൗൺസിലോ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും വർഷങ്ങളായി കേരളത്തിൽ ജെഡിഎസ് എൽഡിഎഫിനൊപ്പമാണ്, അതിൽ മാറ്റമുണ്ടയിട്ടില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.