മലപ്പുറം: താനൂരില് കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിക്കൊപ്പം കസറ്റഡിയിലെടുത്ത രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മന്സൂര്, ജാബിര് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ലഹരി നിരോധന നിയമം ആണ് ഇരുവര്ക്കുമെതിരെ ചുമത്തപ്പെട്ടത്. ഇരുവരും ഇപ്പോള് കോഴിക്കോട് കസബ സബ് ജയിലില് റിമാന്ഡിലാണ്. ഡാന്സഫ് ടീം അന്യായമായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് രണ്ട് പേരുടെയും വാദം. ജുഡീഷ്യല് കസ്റ്റഡി അവസാനിപ്പിക്കണമന്നും ജാമ്യം നല്കണമെന്നുമാണ് മന്സൂറും ജാബിറും ഹര്ജിയില് ആവശ്യപ്പെടുന്നത്.
ഇതിനിടെ താനൂര് കസ്റ്റഡി കൊലപാതക കേസില് സിബിഐ ഒന്നാം ഘട്ട അന്വേഷണം പൂര്ത്തിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്ത്തിയാക്കിയത്. കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര് പൊലീസ് ക്വാര്ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.
താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹർജി പ്രതികളുടെ അഭിഭാഷകൻ പിൻവലിച്ചു. ഇതോടെ മഞ്ചേരി സെഷൻസ് കോടതിയിലെ നടപടി ക്രമങ്ങൾ അവസാനിപ്പിച്ചു. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രത്യേക സിബിഐ കോടതിയെയോ ഹൈക്കോടതിയെയോ ആണ് സമീപിക്കേണ്ടത്. അത് കൊണ്ടാണ് ഹർജി പിൻവലിക്കുന്നത്. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐ ആർ കോടതിയിൽ പ്രതിഭാഗം ഹാജരാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക