ന്യൂഡല്ഹി: ആധാര് വിവരങ്ങള് സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാന് സാധ്യതയുണ്ടെന്നുമുള്ള അന്താരാഷ്ട്ര റേറ്റിങ് ഏജന്സിയായ മൂഡീസ് ഇന്വെസ്റ്റേഴ്സ് സര്വ്വീസിന്റെ റിപ്പോര്ട്ട് തള്ളി കേന്ദ്രം. അവകാശവാദം തെറ്റാണെന്നും പ്രത്യേകിച്ച് തെളിവില്ലെന്നും കേന്ദ്രം പ്രതികരിച്ചു.
'ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല് തിരിച്ചറിയല് സംവിധാനമായ ആധിറിനെതിരെ യാതൊരു തെളിവിന്റേയും അടിസ്ഥാനമില്ലാതെ ചിലര് ആരോപണങ്ങള് ഉയര്ത്തുകയാണ്. കഴിഞ്ഞ പത്ത് വര്ഷമായി നൂറ് കോടി ഇന്ത്യക്കാര് ആധാറില് വിശ്വാസമര്പ്പിച്ചിട്ടുണ്ട്. ആഗോളതലത്തില് ഐഎംഎഫും ലോക ബാങ്കും ആധാറിനെ പ്രശംസച്ചിട്ടുണ്ട്.
സമാനമായ ഡിജിറ്റല് ഐഡി സംവിധാനങ്ങള് എങ്ങനെ നടപ്പാക്കാമെന്ന് മനസിലാക്കാന് പല രാജ്യങ്ങളും യുഐഡിഎഐയെ സമീപിച്ചിട്ടുണ്ട്.' പ്രസ്താവനയിലൂടെ കേന്ദ്രം അറിയിച്ചു.
ഇന്ത്യ പോലുള്ള രാജ്യത്ത് വിരലടയാളവും നേത്രപടലവും സ്കാന് ചെയ്തുള്ള കേന്ദ്രീകൃത സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നും തട്ടിപ്പിന് സാധ്യതയുണ്ടെന്നും റിപ്പോര്ട്ടിലുണ്ട്. എന്നാല് ഇത് എങ്ങനെയാണെന്ന് പരാമര്ശിക്കുന്നതില് മൂഡീസ് പരാജയപ്പെട്ടുവെന്നും കേന്ദ്രം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പാര്ലമെന്റിന്റെ ചോദ്യങ്ങള്ക്ക് വസ്തുതാപരമായ നിലപാട് ആവര്ത്തിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ആധാര് ഡാറ്റാബേസില് നിന്ന് ഇതുവരെ ഒരു ലംഘനവും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് പാര്ലമെന്റിനെ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയില് പറയുന്നു.
അതേസമയം ആധാറിന് പകരം ഡിജിറ്റല് വാലറ്റുകള് പോലുള്ള വികേന്ദ്രീകൃത സംവിധാനം ഉപയോഗിക്കണമെന്നാണ് മൂഡീസ് നിര്ദേശിക്കുന്നത്. ബ്ലോക്ക് ചെയിന് സാങ്കേതിക വിദ്യ അധിഷ്ഠിതമായി പ്രവര്ത്തിക്കുന്നതിനാല് സ്വകാര്യവിവരങ്ങള് ചോരില്ലെന്നതാണ് മെച്ചമെന്നാണ് അവകാശവാദം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക