കൊച്ചി: സംവിധായകന് കെ ജി ജോര്ജിന് കേരളത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്മശാനത്തില് സംസ്കരിച്ചു. പകല് 11 മണി മുതല് മൂന്നുവരെ എറണാകുളം ടൗണ്ഹാളിലെ പൊതുദര്ശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകള്.
മലയാള സിനിമയെ അടിമുടി നവീകരിക്കുകയും നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് വിട പറഞ്ഞത്. കെ ജി ജോര്ജിന്റെ ഭൗതികശരീരത്തില് അന്ത്യാഞ്ജലിയര്പ്പിക്കാന് മമ്മൂട്ടി അടക്കമുള്ളവര് ഞായറാഴ്ച രാത്രി തന്നെ എത്തിയിരുന്നു. നൂറ് കണക്കിനാളുകളാണ് പ്രിയ ചലച്ചിത്രകാരനെ അവസാനമായി കാണാൻ ടൗൺഹാളിൽ എത്തിയത്.
ഇൻവസ്റ്റിഗേഷൻ ത്രില്ലർ, റൊമാന്റിക് ഡ്രാമ, കോമഡി തുടങ്ങി വിവിധ ഴോണറുകളെ പരീക്ഷിച്ച് വിജയിപ്പിച്ച സംവിധായകന്റെ വിയോഗം സെപ്റ്റംബർ 24ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു. ഭാര്യയും മക്കളും സ്ഥലത്തില്ലാത്തതിനാല് മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ജോര്ജിന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം രവിപുരം ശ്മശാനത്തില് സംസ്കരിച്ചത്. വൈകീട്ട് ആറിന് മാക്ടയുടെയും ഫെഫ്കയുടെയും നേതൃത്വത്തില് വൈഎംസിഎ ഹാളില് അനുശോചനയോഗം ചേരും.