കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യ പദ്ധതിയിൽ നിന്ന് സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കോഴിക്കോട് കോർപ്പറേഷൻ. നാല് വർഷത്തിന് ശേഷമാണ് സോണ്ടയെ ഒഴിവാക്കുന്നത്. 2019 ൽ ആറ് മാസകാലാവധിയിയിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് കോർപ്പറേഷനുമായി സോണ്ട ഇൻഫ്രാടെക്ക് 7.7 കോടിയുടെ കരാർ ഒപ്പിട്ടത്. മാലിന്യ നീക്കം പൂർത്തിയാകാത്ത സാഹചര്യത്തിൽ പിന്നീട് അഞ്ച് തവണ കരാർ നീട്ടി നൽകി.
3.7 കോടി രൂപയാണ് ഇത് വരെ നൽകിയത്. ബയോ മൈനിംഗിനും ക്യാപ്പിങ്ങിനുമായിരുന്നു കരാർ. പണി വൈകിയതിന് 38.5 ലക്ഷം രൂപ ചുമത്തിയെങ്കിലും തിരിച്ച് പിടിച്ചിട്ടില്ല. ഞെളിയൻ പറമ്പിൽ പ്രകൃതി വാതക പാന്റ് സ്ഥാപിക്കാനാണ് നിലവിൽ കോർപ്പറേഷന്റെ നീക്കം. ഗെയിലുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണ്.
കരാർ കാലാവധി കഴിഞ്ഞിട്ടും മാലിന്യ നീക്കം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഞെളിയം പറമ്പിലെ മാലിന്യം കോർപ്പറേഷൻ ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. മഴ പെയ്യുന്ന സാഹചര്യത്തിൽ മാലിന്യം പരന്നൊഴുകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ജില്ലാ കളക്ടറുടെ കർശന നിർദ്ദേശമുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിവാദമായ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനടക്കം സോണ്ടയെ തള്ളിപ്പറഞ്ഞപ്പോഴും കോഴിക്കോട് കോർപ്പറേഷൻ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ സോണ്ടയെ പൂർണ്ണമായും തള്ളിയിരിക്കുയാണ് കോഴിക്കോട് കോർപ്പറേഷൻ.