പാലക്കാട്: ജീവിതത്തിൽ ഏറ്റവും ചാരിതാർത്ഥ്യവും അഭിമാനവും നൽകിയ ഒരു കാര്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഒരു ലക്ഷം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. എം ബി രാജേഷ് പാലക്കാട് എംപിയായിരിക്കെ 2013ലാണ് ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്.
ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ കാരണമായത് എന്റെ സുഹൃത്തും പാർട്ടിയിലെ സഹപ്രവർത്തകനുമായിരുന്ന അബ്ദുൾ അസീസിന്റെ വൃക്കരോഗം മൂലമുള്ള അകാല മരണമായിരുന്നു. പാവങ്ങളുടെ ഡോക്ടറമ്മ എന്നറിയപ്പെട്ട ഐഎൻഎ പോരാളിയും പിന്നീട് സിപിഐഎം നേതാവുമായിരുന്ന, ജന്മംകൊണ്ട് തൃത്താലക്കാരിയുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മാരകമായിരിക്കണം പാവപ്പെട്ടവർക്കുള്ള ഈ ചികിത്സ കേന്ദ്രം എന്നതും വ്യക്തിപരമായ നിർബന്ധമായിരുന്നു - എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ജീവിതത്തിൽ ഏറ്റവും ചാരിതാർത്ഥ്യവും അഭിമാനവും നൽകിയ ഒരു കാര്യം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഈ സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചത് എന്നായിരിക്കും. പാലക്കാട് എംപി ആയിരിക്കെ 2013ലാണ് ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ ഈ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. ഇന്നിപ്പോൾ ഒരു ലക്ഷം ഡയാലിസിസ് അവിടെ പൂർത്തിയായിരിക്കുന്നു. ഒരൊറ്റ രോഗിയിൽ നിന്നും ചില്ലിക്കാശ് പോലും ഈടാക്കാതെ പൂർണ്ണമായും സൗജന്യമായി! സ്വകാര്യ ആശുപത്രികളിലെ നിരക്ക് നോക്കിയാൽ രോഗികൾക്ക് 25 കോടി രൂപയുടെ എങ്കിലും ചെലവ് ലാഭിക്കാനായി എന്നർത്ഥം. ഏത് സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യങ്ങൾ അവിടെ ഒരുക്കാനായി. 2013ൽ എംപി ആയിരിക്കെ ആദ്യം 75 ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് പഴയ കെട്ടിടം നവീകരിച്ച് 7 ഡയാലിസിസ് മെഷീനുകളും റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുമെല്ലാം സജ്ജീകരിച്ചത്. ആശുപത്രിയിൽ നിലവിലുള്ള രണ്ട് ഡോക്ടർമാരെയും നേഴ്സുമാരെയും പ്രത്യേകം പരിശീലനത്തിന് അയച്ചു. അവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്. പിന്നീട് എംപി ഫണ്ടിൽ നിന്ന് കൂടുതൽ തുക വകയിരുത്തി കെട്ടിടത്തിന്റെ രണ്ടാം നില കൂടി നവീകരിച്ച് മെഷിനുകളുടെ എണ്ണം രണ്ടിരട്ടിയായി കൂട്ടി. പ്രതിദിനം 3 ഷിഫ്റ്റിലായി 70 പേർക്ക് ഡയാലിസ് ചെയ്യുന്നു.
ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ കാരണമായത് എന്റെ സുഹൃത്തും പാർട്ടിയിലെ സഹപ്രവർത്തകനുമായിരുന്ന അബ്ദുൾ അസീസിന്റെ വൃക്കരോഗം മൂലമുള്ള അകാല മരണമായിരുന്നു. പാവങ്ങളുടെ ഡോക്ടറമ്മ എന്നറിയപ്പെട്ട ഐഎൻഎ പോരാളിയും പിന്നീട് സിപിഐഎം നേതാവുമായ ജന്മംകൊണ്ട് തൃത്താലക്കാരിയുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മാരകമായിരിക്കണം പാവപ്പെട്ടവർക്കുള്ള ഈ ചികിത്സ കേന്ദ്രം എന്നതും വ്യക്തിപരമായ നിർബന്ധമായിരുന്നു.
സൗജന്യമായി മികച്ച ഡയാലിസിസ് സൗകര്യം ഒരുക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒപ്പം നിന്ന ചിലരെ ഈ ഘട്ടത്തിൽ ഓർക്കാതെ വയ്യ. എൻ ആർ എച്ച് എം ജില്ലാ പ്രൊജക്റ്റ് മാനേജർ ആയിരുന്ന ഡോ.ശ്രീഹരി ഇതിന്റെ തുടക്കം മുതൽ പ്രതിബദ്ധതയോടെ ഒപ്പം നിന്ന ആളാണ്. ശ്രീഹരിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. മറ്റൊരാൾ അന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന മനോജാണ്. പ്രവർത്തന ചെലവുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ ഒറ്റപ്പാലം നഗരസഭ നൽകിയ പിന്തുണയും നിസ്സീമമാണ്. ഞാൻ എംപിയായിരിക്കെ അനേകം വ്യക്തികളും സംഘടനകളും ഡയാലിസിസ് സെന്ററിന്റെ അക്കൗണ്ടിലേക്ക് സംഭാവന നൽകിയതും ഓർക്കുന്നു. ആരും ആവശ്യപ്പെടാതെ തന്നെ സ്വമേധയയായിരുന്നു ഇവരെല്ലാവരും സംഭാവനകൾ നൽകിയത് എന്നത് എടുത്തു പറയേണ്ടതാണ്. കേന്ദ്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞ കഞ്ചിക്കോട്ടെ വ്യവസായി കൃഷ്ണകുമാർ കേന്ദ്രം സന്ദർശിച്ച ശേഷം പറഞ്ഞതിനേക്കാൾ ഇരട്ടി തുക നൽകിയതും അവിസ്മരണീയമായ അനുഭവമായിരുന്നു. എംപി ആയിരിക്കെ പതിവായി ഞാൻ അവിടം സന്ദർശിക്കുമായിരുന്നു. കുട്ടികൾ അടക്കമുള്ള നിരാശ്രയരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുഖത്തെ ആശ്വാസവും ആത്മവിശ്വാസവും കാണുമ്പോളുള്ളതിനേക്കാൾ വലിയ ചാരിതാർത്ഥ്യം ജീവിതത്തില് ഒരിക്കലുമുണ്ടായിട്ടില്ല.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക