കൊച്ചി: ഓണ്ലൈന് മാധ്യമമായ മറുനാടന് മലയാളി ഉടമ ഷാജന് സ്കറിയ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ വിവരശേഖരണം. ബന്ധപ്പെട്ട രേഖകള് ഹാജരാക്കണമെന്ന് ഷാജനോട് ഇഡി നിര്ദ്ദേശിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.
വിദേശ പണമിടപാടില് അടക്കം കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു ഇഡിക്ക് ലഭിച്ച പ്രധാനപ്പെട്ട പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളുമായാണ് എത്തിയതെന്ന് ഷാജന് സ്ക്കറിയ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവരശേഖരണത്തിനുമാണ് ഷാജന് സ്കറിയയെ വിളിച്ചു വരുത്തിയത് എന്നാണ് വിവരം. വിവിധ പരാതികളില് കേരള പൊലീസ് ഷാജനെതിരെ നേരത്തെ പലയിടങ്ങളിലായി കേസെടുത്തിരുന്നു.
വ്യാജ വാര്ത്ത ചമച്ചെന്ന കേസില് ഷാജന് സ്കറിയക്ക് ഓഗസ്റ്റ് നാലിനാണ് ജാമ്യം ലഭിച്ചത്. തൃക്കാക്കര പൊലീസ് രജിസ്റ്റര് ചെയ്ത കേസില് എറണാകുളം അതിവേഗ സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തൃക്കാക്കര പൊലീസ് നിലമ്പൂരില് എത്തിയായായിരുന്നു ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നല്കി വിട്ടയക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക