സ്വന്തം കാലിൽ നിൽക്കണോ ആർജെഡിയിൽ ലയിക്കണോ; ജെഡിഎസ് സംസ്ഥാന ഘടകത്തിൽ ആശയക്കുഴപ്പം

ആര്ജെഡിയില് ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയെ അനുകൂലിക്കുന്ന വിഭാഗം. എന്നാല് സംസ്ഥാന പാര്ട്ടിയായി സ്വതന്ത്രമായി നില്ക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം

dot image

കോഴിക്കോട്: ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില് ഭിന്നാഭിപ്രായം. കര്ണാടകയില് ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള ജെഡിഎസ് തീരുമാനത്തോടെയാണ് കേരളഘടകം ഭാവി തീരുമാനം എടുക്കാന് നിര്ബന്ധിതരായത്. സംസ്ഥാന പാര്ട്ടിയായി മുന്നോട്ടു പോകണോ അതോ ആര്ജെഡിയില് ലയിക്കണമോ എന്നതിലാണ് ജെഡിഎസ് കേരള ഘടകത്തില് അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്. എല്ജെഡിക്കൊപ്പം ആര്ജെഡിയില് ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയെ അനുകൂലിക്കുന്ന വിഭാഗം. ഇല്ലെങ്കിൽ സിഎം ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ ജെഡിഎസിൽ നിന്ന് പിളർന്ന് മാറിയ വിഭാഗമായി നിൽക്കണമെന്ന നിലപാടും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാല് സംസ്ഥാന പാര്ട്ടിയായി സ്വതന്ത്രമായി നില്ക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം.

നേരത്തെ എല്ജെഡി അധ്യക്ഷന് ശ്രേയാംസ് കുമാര് മാത്യു ടി തോമസിനെ സന്ദര്ശിച്ച് ആര്ജെഡിയില് ലയിക്കണമെന്ന് അഭ്യര്ത്ഥിച്ചിരുന്നു. ഇതേ തുടര്ന്നാണ് ശ്രേയാംസ് കുമാറിന്റെ ക്ഷണം സ്വീകരിക്കണമെന്ന അഭിപ്രായം കൃഷ്ണന്കുട്ടി മുന്നോട്ടുവച്ചത്. നേരത്തെ 2006ല് കുമാരസ്വാമിയും സംഘവും ബിജെപിയുമായി സഹകരിച്ച് കര്ണ്ണാടകയില് സര്ക്കാര് രൂപീകരിച്ചപ്പോള് സോഷ്യലിസ്റ്റ് ജനതാദള് ഡെമോക്രാറ്റിക്ക് എന്ന പുതിയ പാര്ട്ടി രൂപീകരിച്ചായിരുന്നു കേരളഘടകം ഇടത് മുന്നണിയില് തുടര്ന്നത്. ഇന്നും അതേ വഴി സ്വീകരിക്കണമെന്ന നിലപാടാണ് മാത്യു ടി തോമസ് വിഭാഗം സ്വീകരിക്കുന്നത്.

ഇതിനിടെ ബിജെപിക്കൊപ്പം ചേരാനുള്ള കുമാരസ്വാമിയുടെ നീക്കത്തിനെതിരെ മുതിർന്ന നേതാവ് സിഎം ഇബ്രാഹിം അടക്കമുള്ളവർ രംഗത്തുണ്ട്. അഞ്ചോ ആറോ എംഎൽഎമാരെ ഒപ്പം നിർത്തി ദേശീയതലത്തിൽ പാർട്ടിയിൽ പിളർപ്പുണ്ടായി എന്ന നിലയിൽ പാർട്ടിയുടെ പേരും ചിഹ്നവും അടക്കം അവകാശപ്പെടുന്ന നീക്കത്തിന് സിഎം ഇബ്രാഹിം വരും ദിവസങ്ങളിൽ നേതൃത്വം നൽകുമെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം പറയുന്നത്. കേരളത്തിൽ നിന്നുള്ള രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ യഥാർത്ഥ ജെഡിഎസ് എന്ന അവകാശം ഉന്നയിക്കാൻ കഴിയുമെന്നതാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ കുറച്ചു കൂടി കാത്തിരുന്ന് തീരുമാനം എടുക്കാമെന്ന നിലപാടും കൃഷ്ണൻകുട്ടിക്കുണ്ടെന്നാണ് വിവരം.

ശ്രേയാംസുമായി ചേര്ന്ന് ആര്ജെഡിയില് ലയിക്കണമെന്നുള്ള കൃഷ്ണന് കുട്ടിയുടെ താല്പ്പര്യത്തിന് പിന്നില് മന്ത്രിസ്ഥാനം നിലനിര്ത്താനുള്ള നീക്കമാണെന്ന ആക്ഷേപം എതിര്വിഭാഗത്തിനുണ്ട്. രണ്ടര വര്ഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ചുമാറണമെന്ന ധാരണ ജെഡിഎസില് ഉണ്ടായിരുന്നു. കൃഷ്ണന്കുട്ടിയും മാത്യു ടി തോമസുമാണ് നിലവില് ജെഡിഎസില് നിന്നുള്ള എംഎല്എമാര്. ശ്രേയാംസ് കുമാറിന്റെ എല്ജെഡിയും ജെഡിഎസ് കേരള ഘടകവും ലയിച്ചാല് എംഎല്എമാരുടെ എണ്ണം മൂന്നാകും. കെപി മോഹനനാണ് നിലവില് എല്ജെഡിയില് നിന്നുള്ള ഏക എംഎല്എ. ഇരുപാര്ട്ടികളും ആജെഡിയില് ലയിച്ചാല് മന്ത്രിസ്ഥാനം സംബന്ധിച്ച് ഉയരാനിടയുള്ള തര്ക്കങ്ങളെ മറികടക്കാന് തല്സ്ഥിതി തുടരാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യമാണ് കൃഷ്ണന്കുട്ടി ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

എം വി ശ്രേയംസ് കുമാര് നേതൃത്വം നല്കുന്ന എല്ജെഡിയും ആര്ജെഡിയുമായുള്ള ലയനം അംഗീകരിച്ച് എല്ജെഡി സംസ്ഥാന കൗണ്സില്. ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും. ലയന സമ്മേളനവുമായി ബന്ധപ്പെട്ട് ആര്ജെഡി ദേശീയ നേതൃത്വവുമായി സംസാരിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള് ഈ മാസം 25നകം ജില്ലാ കമ്മിറ്റികളില് റിപ്പോര്ട്ട് ചെയ്യുമെന്നും സംസ്ഥാന കൗണ്സില് അറിയിച്ചു. മന്ത്രിസഭയില് പ്രാതിനിധ്യം വേണമെന്ന് എല്ഡിഎഫിനോട് ആവശ്യപ്പെടാനും എല്ജെഡി സംസ്ഥാന കൗണ്സില് യോഗം തീരുമാനിച്ചു.

നേരത്തെ ജെഡിഎസുമായി ലയിക്കുവാന് എല്ജെഡിയില് ആലോചനകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല ചര്ച്ചകളും നടക്കുകയും ചെയ്തു. കര്ണാടകയില് ബിജെപി സഹകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനം ഈ നീക്കത്തിന് തടസ്സമായിരുന്നു. ബിജെപിയുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന ജെഡിഎസുമായി ചേരുന്നതിനെതിരെ എല്ജെഡിയിലെ വലിയൊരു വിഭാഗം എതിര്പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് എല്ജെഡി-ആര്ജെഡി ചര്ച്ചകള് ആരംഭിച്ചത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image