കൊച്ചി: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ചിട്ടയാർന്ന പ്രവർത്തനം കാഴ്ച വെക്കാനായത് ഇത്തവണയാണെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസ്. മാന്യമായും അന്തസായും മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ച വെക്കാൻ കഴിഞ്ഞുവെന്ന ചാരിതാര്ഥ്യമുണ്ട്. മുഖ്യമന്ത്രി അടക്കം എല്ലാവരും നല്ല ജാഗ്രതയോടെ നേതൃത്വം നൽകി. ജനപ്രതിനിധി മരിച്ച് 20 ദിവസം തികയും മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അനിതര സാധാരണമെന്ന് ജെയ്ക്ക് വിമർശിച്ചു.
പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ച ചെയ്യാനാണ് ആഗ്രഹിച്ചത്. എന്നാൽ വികസനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ എൽഡിഎഫ് മുന്നോട്ട് വന്നപ്പോൾ യുഡിഎഫ് മുഖം തിരിച്ചു. നാലാം തരം ഏർപ്പാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. അവർ മറ്റ് ചില കാര്യങ്ങളിൽ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ തയ്യാറാകാത്ത അവർ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോൾ മാത്രം ഭരണവിരുദ്ധ വികാരമെന്ന് പറയുകയാണ്.
ഒരു ബൂത്തിലൊഴികെ എല്ലായിടത്തും ലീഡ് ചെയ്തത് യുഡിഎഫാണ്. എൽഡിഎഫിനെ സംബന്ധിച്ച് ഇത് ആദ്യത്തെ അനുഭവമാണ്. സർക്കാരിനേറ്റ തിരിച്ചടിയെന്ന വ്യാഖ്യാനമില്ലെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളി യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. എന്നാൽ 2021 ൽ പുതുപ്പള്ളി രാഷ്ട്രീയം ചർച്ച ചെയ്യാൻ തയ്യാറായപ്പോൾ മുൻ മുഖ്യമന്ത്രി തന്നെ മത്സരിക്കാനെത്തിയിട്ടും ഭൂരിപക്ഷം കുറഞ്ഞു.
അകലക്കുന്നം, അയർക്കുന്നം, വാകത്താനം എന്നിവിടങ്ങളിലാണ് കേരള കോൺഗ്രസ് എമ്മിന് സ്വാധീനമുള്ളത്. ഇടതുപക്ഷത്തിന് സുശക്തമായ സംഘടനാ സംവിധാനം ഉണ്ട് എന്ന് പറയാനുള്ളത് പാമ്പാടിയാണ്. ഇവിടെ പോലും ഇത്തവണ 5000 ലേറെ വോട്ടിന് യുഡിഎഫ് ലീഡ് ചെയ്തു. ഈ കണക്ക് പരിശോധിച്ചാൽ, അകലക്കുന്നം, അയർക്കുന്നം, വാകത്താനം പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് ചെയ്തതിന്റെ പേരിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനം കുറഞ്ഞുവെന്ന് പറയാനാകില്ല. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പലഘട്ടങ്ങളിലൊന്ന് മാത്രമാണ് തിരഞ്ഞെടുപ്പെന്നും പരാജയങ്ങൾ ബാധിക്കില്ലെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഡിജിറ്റൽ സംഘം മോശം പദപ്രയോഗങ്ങൾ നടത്തി, എന്നാൽ സിപിഐഎം നേതാക്കൾ മോശം പദം ഉപയോഗിക്കില്ലെന്നും ഡോ. സരിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഡിജിറ്റൽ ടീമിനെ വിമർശിച്ച് ജെയ്ക്ക് സി തോമസ് പ്രതികരിച്ചു. ജെയ്ക്കിന് നേരെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പരിഹാസങ്ങളെ കുറിച്ചുള്ള റിപ്പോർട്ടർ പ്രസ് കോൺഫറൻസിലാണ് ജെയ്ക്ക് സി തോമസിന്റെ പ്രതികരണം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക