
ഭൂമിക്ക് സുരക്ഷയൊരുക്കാൻ കണ്ടൽ മരങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശം സ്വന്തം തലമുറയ്ക്കും പുതുതലമുറയ്ക്കും പകർന്നുനൽകിയ പച്ച മനുഷ്യൻ. ഭൂമിയുടെ ശ്വാസകോശവും തണലുമാണ് നിറയെ വേരുകളുളള കണ്ടൽമരങ്ങളെന്ന് കൊച്ചുകുട്ടികളെ പോലും പഠിപ്പിച്ച ശേഷമാണ് അദ്ദേഹം മണ്ണോട് ചേർന്നത്. മണ്ണും ചെളിയും കുഴഞ്ഞു മറിഞ്ഞ ചതുപ്പ് നിലങ്ങളെ ഒറ്റയാൻ പോരാട്ടത്തിലൂടെ മെരുക്കിയെടുത്ത ആ പരിസ്ഥിതി പ്രവർത്തകന്റെ പേരാണ് കല്ലേൻ പൊക്കുടൻ അഥവാ കണ്ടൽ പൊക്കുടൻ. ചതുപ്പുകളും വയലുകളും മണ്ണിട്ട് നിരത്തി കെട്ടിടങ്ങൾ കെട്ടിപൊക്കി തുടങ്ങിയതുമുതൽ അതിനെതിരെ കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചായിരുന്നു കല്ലേൻ പൊക്കുടന്റെ സമരം. ഇന്ന് അദ്ദേഹത്തിന്റെ 8-ാം ചരമദിനമാണ്.
കണ്ടലുകളെ നിരീക്ഷിക്കുകയും അതിന്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയുകയും ചെയ്ത പൊക്കുടൻ തന്റെ ജീവിതം തന്നെ അതിനായി മാറ്റിവെച്ചു. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് പൊക്കുടൻ. 25 കണ്ടലുകൾ നട്ടു തുടങ്ങിയ പൊക്കുടന്റെ പ്രയത്നം ഒരു ലക്ഷത്തിലധികം കവിഞ്ഞിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു. പൊക്കുടൻ കണ്ടൽ വന സംരക്ഷണത്തിലേക്ക് തിരിഞ്ഞത്. കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. താൻ ചെയ്യുന്നത് വെറുമൊരു പ്രവർത്തിയല്ലെന്നും തലമുറകളുടെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യഘടകങ്ങളാണെന്നും നാടൊട്ടുക്കും പ്രചരിപ്പിക്കാൻ ലഭിച്ച ഒരു അവസരവും അദ്ദേഹം ഒഴിവാക്കിയിരുന്നില്ല.
പ്രായാധിക്യം മറന്നും അദ്ദേഹം സ്കൂളുകളായ സ്കൂളുകൾ കയറിയിറങ്ങി. വിദ്യാർത്ഥികളെ കണ്ടൽ വന സംരക്ഷണത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. തോളിൽ സൂക്ഷിച്ച സഞ്ചിയിൽ കണ്ടൽ മര തൈകളും വിത്തും സൂക്ഷിച്ചായിരുന്നു പൊക്കുടന്റെ യാത്രകൾ. വിദ്യാർത്ഥികൾക്കും മറ്റും ഇവ കൈമാറുന്നതിനോടൊപ്പം അതിനെ എങ്ങനെ പരിചരിക്കണമെന്ന ക്ലാസും അദ്ദേഹം നൽകിയിരുന്നു.
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൻ വെള്ളച്ചിയുടെയും മകനായി 1937ൽ ആണ് പൊക്കുടന്റെ ജനനം. ജനന സമയത്ത് പൊക്കിൾകൊടി വീർത്തിരുന്നതിനാൽ ആണ് തനിക്ക് പൊക്കുടൻ എന്ന പേരിട്ടതെന്ന് പിൽക്കാലത്ത് അദ്ദേഹം തന്നെ വിശദമാക്കിയിരുന്നു. ഏഴോം മലയിലെ ഹരിജൻ വെൽഫെയർ സ്കൂളിലായിരുന്നു കണ്ടൽ പൊക്കുടന്റെ പഠനം. കുടുംബത്തിലെ പ്രരാബ്ധവും പട്ടിണിയും കാരണം രണ്ടാം ക്ലാസിൽ പഠനം നിർത്തി അദ്ദേഹത്തിന് അച്ഛനും അമ്മയ്ക്കുമൊപ്പം വയലിലേക്ക് ഇറങ്ങേണ്ടി വന്നു.
മുതിർന്നപ്പോൾ കണ്ണൂരിലെ രാഷ്ട്രീയ ചൂടും അദ്ദേഹമറിഞ്ഞു. പതിനെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന പൊക്കുടൻ പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിന്റെ പ്രവർത്തകനായി മാറി. നിരവധി കർഷക സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട് കല്ലേൻ പൊക്കുടൻ. കർഷകർക്ക് വേണ്ടി എകെജി ഡൽഹിയിൽ നടത്തിയ ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ സമരത്തിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ 15 ദിവസത്തോളം കിടക്കേണ്ടിവന്നു. 1968-69ലെ ഏഴോം കർഷക തൊഴിലാളി സമരത്തിലുണ്ടായ സംഘർഷത്തിൽ ജന്മിമാരുടെ ഒരു വാടകഗുണ്ട മരിച്ച സംഭവത്തിൽ കല്ലേൻ പൊക്കുടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു.
1980കളോടെ പരിസ്ഥിതി പ്രവർത്തനത്തിലേക്ക് നീങ്ങിയ പൊക്കുടൻ ധാരാളം കണ്ടൽ വനങ്ങൾ സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങി. സ്വന്തം പ്രദേശത്ത് കണ്ടൽ മരങ്ങൾ വെച്ചുപിടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണം. മഴക്കാലത്ത് പുഴയിലെ ശക്തി കൂടി തിരകൾ പാടവരമ്പിൽ ഇടിച്ച് വഴി തകരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത് തടയുന്നതിന് വേണ്ടിയായിരുന്നു ആദ്യം കണ്ടൽ വനങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. പരീക്ഷണം വിജയിച്ചതോടെ 1989 ൽ പഴയങ്ങാടി മുട്ടുകണ്ടി ബണ്ടിന്റെ കരയിലുളള 500 ഏക്കർ സ്ഥലത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട് കണ്ടൽ വനങ്ങളെ പരിചരിക്കുന്നത് തന്റെ ദൈനംദിന പ്രവർത്തിയാക്കി പൊക്കുടൻ മാറ്റി.
ചിലർ പൊക്കുടൻ കുഴിച്ചിട്ട ചെടികൾ പിഴുതെറിഞ്ഞും കളിയാക്കിയും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം തളർന്നില്ല. ആത്മവീര്യം ചോരാതെ കല്ലേൻ പൊക്കുടൻ മുന്നേറി. മൂന്ന് നാല് വർഷത്തിനുള്ളിൽ ചെടികൾ വളർന്നു തുടങ്ങി. പതിയെ ആയിരത്തിൽ നിന്ന് പതിനായിരത്തിലേക്കും ചെടികളുടെ എണ്ണമെത്തി. കണ്ടൽ വളർന്നതിനോടൊപ്പം തന്നെ പൊക്കുടന്റെ പേരും പ്രശസ്തിയും വളർന്നു. യുനെസ്കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽകാടുകളുടെ സംരക്ഷണത്തിലെ കല്ലേൻ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിരുന്നു. നിരവധി രാജ്യങ്ങളിൽ നിന്നുവരെ കണ്ടൽ വനങ്ങളെ കുറിച്ച് പഠിക്കാൻ പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പൊക്കുടനെ തേടി കേരളത്തിലേക്കെത്തി. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പറശ്ശിനിക്കടവിൽ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ച് പാർക്ക് നിർമ്മിക്കാൻ സിപിഐഎം ശ്രമിച്ചപ്പോൾ അതിനെ പൊക്കുടൻ ശക്തമായി എതിർത്തിരുന്നു. കണ്ടൽ വനങ്ങൾ വെട്ടി നശിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. എ കെ ആന്റണി മന്ത്രിസഭയിൽ കെ സുധാകരൻ വനം മന്ത്രിയായിരുന്ന കാലത്ത് പൊക്കുടനെ മാൻഗ്രൗ ഫോറസ്റ്റ് ഗാർഡ് ആയിട്ട് നിയമിച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തിനകം തന്നെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.
രാഷ്ട്രീയത്തിനും പരിസ്ഥിതി പ്രവർത്തനത്തിനും അപ്പുറം കലാസാംസ്കാരിക രംഗത്തും അദ്ദേഹത്തിന്റെ സാമീപ്യമുണ്ടായിരുന്നു. ആദിവാസി ദളിത് ചൂഷണം തുറന്നു കാട്ടിയ, ജയൻ കെ ചെറിയാൻ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ 'പാപ്പിലിയോ ബുദ്ധ' എന്ന സിനിമയിൽ കരിയൻ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് പൊക്കുടനായിരുന്നു. തമ്പി ആന്റണി, പത്മപ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതോടൊപ്പം 150-ഓളം ആദിവാസികളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്നവും അതിനെ തുടർന്ന് ദളിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ പാപ്പിലിയോ ബുദ്ധ ഗാന്ധിജിയെയും ബുദ്ധനെയും അപമാനിക്കുന്നുവെന്ന കാരണത്താൽ ഇന്ത്യൻ സെൻസർ ബോർഡ് ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനാനുമതി നിഷേധിച്ചു. പിന്നീട് എഡിറ്റ് ചെയ്താണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്.
'കണ്ടൽകാടുകൾക്കിടയിലെ എന്റെ ജീവിതം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. കോട്ടയം ഡിസി ബുക്സ് ആണ് ഇത് പബ്ലിഷ് ചെയ്തത്. ഈ ആത്മകഥയിലെ ഒന്നാം ഭാഗം ആറാം ക്ലാസ് മലയാളം പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ആ ഭാഗം 2005ലെ കരിക്കുലം കമ്മിറ്റി ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്കിടയാക്കി. കണ്ണൂരിലും തലശ്ശേരിയിലും ഉള്ളവർക്ക് മാത്രമേ ഈ പുസ്തകത്തിലൂടെ കണ്ടൽക്കാടുകളെ കുറിച്ച് മനസ്സിലാകൂവെന്നായിരുന്നു പാഠഭാഗം ഒഴിവാക്കുന്നതിന് അന്ന് കരിക്കുലം കമ്മിറ്റി നൽകിയിരുന്ന ന്യായീകരണം. കണ്ണൂർ സർവകലാശാലയിൽ മാത്രമാണ് നിലവിൽ അദ്ദേഹത്തിന്റെ ആത്മകഥ ഒരു പാഠഭാഗമാക്കിയിട്ടുളളത്.
ഇന്ന് ജർമ്മനി, ശ്രീലങ്ക, ഹംഗറി എന്നിവിടങ്ങളിൽ കല്ലേൻ പൊക്കുടന്റെ കണ്ടൽ സംരക്ഷണത്തെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങളുണ്ട്. ഇന്ത്യയിലെ പല സർവകലാശാലകളിലും അദ്ദേഹത്തെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ നിലവിലുണ്ട്. 'എന്റെ രാഷ്ട്രീയ ജീവിതം, ചൂട്ടാച്ചി, കണ്ടൽ ഇനങ്ങൾ' എന്നിവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ വി അബ്ദുറഹ്മാൻ ഹാജി പുരസ്കാരം (2010) എന്നിവയുൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മീനാക്ഷിയാണ് ഭാര്യ. പുഷ്പവല്ലി, പുഷ്പലത, രേഖ, ആനന്ദൻ, രഘുനാഥ്, ശ്രീജിത്ത് എന്നിവർ മക്കളാണ്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 2015 സെപ്റ്റംബർ 27ന് ആയിരുന്നു കല്ലേൻ പൊക്കുടന്റെ അന്ത്യം. കണ്ടൽ വനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ സ്കൂൾ എന്ന ആശയം ബാക്കി വെച്ചാണ് അദ്ദേഹം ഈ ലോകത്തുനിന്ന് വിട പറഞ്ഞത്. സ്വന്തം ഭൂമിയിൽ നിന്ന് രണ്ടര സെന്റ് ഭൂമിയും സ്കൂളിനായി അദ്ദേഹം നൽകിയിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക