കൊല്ലം: ഡോ. വന്ദനാദാസിൻ്റെ കൊലപാതകത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. എഐഎസ്മാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. ബേബി മോഹൻ, മണിലാൽ എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി. നടപടി തിരുവനന്തപുരം ഡിഐജിയുടേതാണ്. പ്രതിയെ കീഴ്പ്പെടുത്തിയില്ല ഓടിപ്പോയത് പൊലീസിൻ്റെ സത്പേരിന് കളങ്കമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ഹർജിയിൽ ആരോപണം ഉയർത്തിയിരുന്നു.
കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ മെയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന യുവാവ് അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.