തൊടുപുഴ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തുന്ന ദൗത്യ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ എം എം മണി. ദൗത്യ സംഘം നിയമപരമായി കാര്യങ്ങള്‍ ചെയ്താല്‍ സഹകരിക്കുമെന്നും നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കുമെന്നും എം എം മണി പറഞ്ഞു.
ദൗത്യ സംഘം എത്തി കയ്യേറ്റം ഉണ്ടോ എന്ന് പരിശോധിക്കട്ടെ. എന്നാല്‍ കാലങ്ങളായി ജീവിയ്ക്കുന്നവരുടെ നേരെ മെക്കിട്ട് കേറാനാണ് ശ്രമിയ്ക്കുന്നതെങ്കില്‍ എതിര്‍ക്കും.
അതിന് രണ്ട് അഭിപ്രായം ഇല്ല. ടാറ്റയും മലയാളം പ്ലാന്റേഷനും കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. മൂന്നാറില്‍ ആയിരകണക്കിന് ഏക്കര്‍ സ്ഥലമാണ് വെറുതെ കിടക്കുന്നത്. അവിടെ ഇതുവരേയും ഒരു കയ്യേറ്റവും നടന്നിട്ടില്ല, എം എം മണി പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രണ്ടു ദിവസത്തിനകം പുതിയ ദൗത്യസംഘത്തിനു രൂപം നല്കി ഉത്തരവിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങള്‍ കണ്ടെത്തിയതായും അതില്‍ 70 കേസുകളില്‍ അപ്പീല്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.