കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില് രാഹുല് ഗാന്ധി വയനാട്ടില് നിന്നു തന്നെ മത്സരിക്കാന് സാധ്യതയെന്ന് ബെന്നി ബെഹനാന് എംപി. രാഹുല് ഗാന്ധി വയനാട്ടില് തന്നെ മത്സരിക്കണമെന്നാണ് തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹമെന്നും ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
രാഹുല് ഗാന്ധി മത്സരിക്കുമ്പോള് മാറിനില്ക്കാനുള്ള വിവേകം ഇടതുപക്ഷം കാണിക്കണം. മത്സരത്തില് നിന്ന് സിപിഐ മാറിനില്ക്കണം. റിപ്പോര്ട്ടര് ടിവിയുടെ ക്ലോസ് എന്കൗണ്ടറില് ബെന്നി ബെഹനാന് പറഞ്ഞു.
പുതുപ്പള്ളി വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാന് വന്നപ്പോള് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പെരുമാറിയ രീതിയില് ഒരു കോണ്ഗ്രസ് പ്രവര്ത്തകനെന്ന നിലയില് പ്രയാസം തോന്നി. ദൃശ്യങ്ങള് വാട്ട്സാപ്പിലൂടെയാണ് കണ്ടത്. എന്നാല് അതിന് ശേഷം കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അതിനെക്കുറിച്ച് വിശദീകരിച്ചപ്പോള് പ്രശ്നം അവസാനിച്ചു.
കൂട്ടായ നേതൃത്വമാണ് നിലവില് എ ഗ്രൂപ്പിനെ നയിക്കുന്നതെന്നും ബെന്നി ബെഹനാന് പറഞ്ഞു. സംഘടനാപരമായി ഒരുമിച്ച് തീരുമാനങ്ങള് എടുക്കാറുണ്ട്. കരുണാകരനെപ്പോലെയോ ആന്റണിയെപ്പോലെയോ ഉമ്മന്ചാണ്ടിയെപ്പോലെയോ ആജ്ഞാശക്തിയുള്ളവര് ഇപ്പോള് ഇല്ല.
ചാലക്കുടിയില് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് പാര്ട്ടി തീരുമാനിക്കുമെന്നും മത്സരിക്കണം എന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.