പത്തനംതിട്ട: ഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പൊലീസുകാരന് കാരണം കാണിക്കല് നോട്ടീസ്. ആറന്മുള സ്റ്റേഷനിലെ സിപിഒ ഉമേഷിനാണ് കാരണം കാണിക്കല് നോട്ടീസ് ലഭിച്ചത്. ഫോട്ടോ ഫേസ്ബുക്കിലിട്ട് അഭിവാദ്യമര്പ്പിച്ചത് ഗുരുതര അച്ചടക്ക ലംഘനവും കൃത്യവിലോപമെന്ന് പത്തനംതിട്ട ഡിവൈഎസ്പി പറഞ്ഞു.
ഡിജിപിയുടെ മുന് സര്ക്കുലറിന് വിരുദ്ധമായിട്ടുള്ള പ്രവര്ത്തിയാണന്നാണ് സർക്കുലറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പൊലീസ് സേനയ്ക്ക് തന്നെ കളങ്കം വരുത്തിയ സംഭവത്തില് 24 മണിക്കൂറിനുള്ളില് മറുപടി നല്കണമെന്ന് സര്ക്കലുര് നോട്ടീസിലൂടെ അറിയിച്ചു.
ഗ്രോവാസുവിനെ സ്വീകരിക്കാനെത്തി എന്ന് പറയുന്നത് തികച്ചും വാസ്തവ വിരുദ്ധമാണ്. കോഴിക്കോട് തന്റെ വീടാണ്. ജില്ലാ ജയിലിന് മുന്നില് താന് എത്തിയിട്ടില്ലെന്നും അഭിവാദ്യം അര്പ്പിച്ചിട്ടില്ലന്നെും ഉമേഷ് വിശദീകരണ കത്തില് പറഞ്ഞു. അഭിവാദ്യം അര്പ്പിച്ച് ഫേസ്ബുക്കില് പോസ്റ്റ് ഇട്ടത് ശരിയാണ്. കോടതി വെറുതെ വിട്ട ആള്ക്ക് അഭിവാദ്യം അര്പ്പിച്ചതില് എന്ത് തെറ്റെന്ന് പൊലീസുകാരന് കത്തില് ചോദിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയ്ക്കൊപ്പം പൊലീസിനെ അയച്ചത് എന്തിനെന്നും കൂടെ നില്ക്കാനും ആളുകളെ ഫോട്ടോ എടുക്കാന് സഹായിച്ചത് വിരോധാഭാസമല്ലേയെന്നും പൊലീസുകാരന് ചോദിച്ചു. ബാലാത്സംഗ കേസിലെ പ്രതിയുടെ ഫോട്ടോ അവിടെ പോയ ഉദ്യോഗസ്ഥനും ഫേസ്ബുക്കില് ഇട്ടിട്ടുണ്ടെന്നും ഉമേഷ് കത്തില് പറഞ്ഞു.