കൊച്ചി : മാതാപിതാക്കള് തമ്മിലെ തര്ക്കത്തിനിടെ കുട്ടിക്ക് പേര് നിര്ദ്ദേശിച്ച് ഹൈക്കോടതി. 'രാജ്യത്തിന്റെ രക്ഷകര്ത്താവ്' എന്ന അധികാരമുപയോഗിച്ചാണ് ഹൈക്കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ഭാവിയെയും ക്ഷേമത്തെയും ബാധിക്കരുതെന്ന് നിരീക്ഷിച്ചാണ് തീരുമാനം.
മാതാപിതാക്കളുടെ അവകാശങ്ങള്ക്കല്ല, കുട്ടിയുടെ ക്ഷേമത്തിനാണ് മുന്തൂക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാലാണ് പേര് തിരഞ്ഞെടുത്തത്. പേര് തിരഞ്ഞെടുക്കുമ്പോള് കുട്ടിയുടെ ക്ഷേമം, സാംസ്കാരിക പരിഗണന, മാതാപിതാക്കളുടെ താല്പ്പര്യങ്ങള്, സാമൂഹിക മാനദണ്ഡങ്ങള് തുടങ്ങിയവ പരിഗണിക്കാം. കുട്ടിയുടെ ക്ഷേമമാണ് പരമമായ ലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കുട്ടിക്ക് പേര് നല്കുന്ന ചുമതല ഏറ്റെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ജനന സര്ട്ടിഫിക്കറ്റില് കുഞ്ഞിന് പേര് നല്കിയിരുന്നില്ല. വിദ്യാഭ്യാസ കാലത്തിന്റെ തുടക്കത്തില് പേര് നല്കാന് നിര്ബന്ധിതമായി. പേരില്ലാതെ സ്കൂളില് ചേര്ക്കാനാവില്ല എന്നായിരുന്നു സ്കൂള് അധികൃതരുടെ നിലപാട്. പുണ്യ നായര് എന്ന പേര് നല്കാനായിരുന്നു അമ്മയുടെ തീരുമാനം. പദ്മ നായര് എന്ന പേര് നല്കണമെന്ന് കുട്ടിയുടെ അച്ഛനും നിലപാട് എടുത്തു. മാതാപിതാക്കള് തമ്മില് യോജിച്ച തീരുമാനത്തിലെത്താന് തുടക്കം മുതല് കഴിഞ്ഞില്ല.
അനുകൂല തീരുമാനമെടുക്കാന് കുട്ടിയുടെ അച്ഛന് നിര്ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെത്തി ജനന സര്ട്ടിഫിക്കറ്റ് നേടാനുള്ള നടപടിക്രമങ്ങള് ആരംഭിക്കണമെന്നായിരുന്നു കുടുംബ കോടതിയുടെ നിര്ദ്ദേശം.
കുട്ടിക്ക് പേര് നല്കണമെന്ന് മാതാപിതാക്കള്ക്ക് തര്ക്കമില്ല. ജനന സര്ട്ടിഫിക്കറ്റില് എന്ത് പേര് നല്കുമെന്ന കാര്യത്തില് മാത്രമാണ് എതിര്പ്പ്. പേര് കുട്ടിയുടെ ഐഡന്റിറ്റിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാവാണ് പേരിനായി അപേക്ഷ നല്കേണ്ടത്. ഇത് അമ്മയോ അച്ഛനോ ആകാം. എന്നാല് ഇരുവരും ഹാജരാകണമെന്ന് നിയമം നിര്ബന്ധിക്കുന്നില്ല. മാതാപിതാക്കളില് ആര്ക്കെങ്കിലും പേര് തിരുത്താന് ആഗ്രഹമുണ്ടെങ്കില് അതിനുള്ള നടപടിക്രമങ്ങള് പിന്നീട് ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുട്ടി അമ്മയുടെ സംരക്ഷണയിലാണ് വളരുന്നത്. അതിനാല് അമ്മ നിര്ദ്ദേശിക്കുന്ന പേരിന് അര്ഹമായ പ്രാധാന്യം നല്കണം. കുട്ടിയുടെ പിതൃത്വത്തിലും തര്ക്കമില്ല. ഈ സാഹചര്യത്തില് അച്ഛന്റെ പേര് കൂടി ചേര്ക്കാം. അമ്മ നിര്ദ്ദേശിച്ച പുണ്യ എന്ന പേരിനൊപ്പം അച്ഛന്റെ ബാലഗംഗാധരന് നായര് എന്ന പേര് കൂടി കോടതി നിര്ദ്ദേശിച്ചു. കുട്ടിയുടെ പേര് പുണ്യ ബി നായര് എന്നാക്കണമെന്ന അമ്മയുടെ നിര്ദ്ദേശം കോടതി അംഗീകരിച്ചു. തുടര്ന്ന് ആലുവ നഗരസഭാ ജനന മരണ രജിസ്ട്രാറെ സമീപിച്ച് അപേക്ഷ നല്കാനും നിര്ദ്ദേശിച്ചു. മാതാപിതാക്കളുടെ സാന്നിധ്യമോ, സമ്മതമോ ഇല്ലാതെ പേര് രജിസ്റ്റര് ചെയ്യാനും രജിസ്ട്രാര്ക്ക് നിര്ദ്ദേശം നല്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക