തീര സംരക്ഷണ നടപടികൾ മുടങ്ങി; ചെല്ലാനത്ത് ജനകീയ വേദിയുടെ അനിശ്ചിതകാല നിരാഹാര സമരം

ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഗ്രോവാസു ഉദ്ഘാടനം ചെയ്തു

dot image

കൊച്ചി: തീര സംരക്ഷണ നടപടികൾ മുടങ്ങിയെന്ന് ആരോപിച്ച് ചെല്ലാനത്ത് ജനകീയ വേദിയുടെ അനിശ്ചിതകാല നിരാഹാര സമരം. ടെട്രാപോഡ് കടൽ ഭിത്തിയുടെയും പുലിമുട്ടിന്റെയും നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണം എന്നാണ് തീരദേശവാസികളുടെ ആവശ്യം. ടെട്രാപോഡ് കടൽ ഭിത്തിയുടെയും പുലിമുട്ടിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുക, കൊച്ചിൻ പോർട്ടിൽ നിന്ന് ഡ്രട്ജ് ചെയ്യുന്ന മണ്ണ് എത്തിച്ച് തീരം പുനർ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ വേദിയുടെ നിരാഹാര സമരം. ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഗ്രോവാസു ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണവുമായി ബന്ധപ്പെട്ട് കാലങ്ങളായി സർക്കാർ തങ്ങളെ പറഞ്ഞു പറ്റിക്കുന്നുവെന്നാണ് തീരദേശവാസികളുടെ ആരോപണം.

ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ട നിർമ്മാണം നവംബറിൽ ആരംഭിക്കുമെന്നാണ് സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു നിർദ്ദേശവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നതെന്നും തീരദേശവാസികൾ ആരോപിക്കുന്നു. രണ്ടുദിവസമായി പെയ്ത ശക്തമായ മഴയിൽ കണ്ണമാലിയിൽ കടലേറ്റം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ചെല്ലാനം കൊച്ചി ജനകീയവേദി അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചത്. കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല, തീരസംരക്ഷണമാണ് വേണ്ടതെന്നാണ് തീരദേശവാസികളുടെ ആവശ്യം. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ചെല്ലാനം കൊച്ചി ജനകീയവേദി അറിയിച്ചു

dot image
To advertise here,contact us
dot image