ലോക്സഭാ തിരഞ്ഞെടുപ്പ്: കെ സുധാകരനും കെ സി വേണുഗോപാലും മത്സരിച്ചേക്കില്ല

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരന് ഇളവ് ലഭിക്കാനാണ് സാധ്യത.

ആർ റോഷിപാല്‍
1 min read|02 Oct 2023, 12:06 pm
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് സിറ്റിംഗ് എംപിമാരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒഴികെ മറ്റുള്ളവർ മത്സരിക്കേണ്ടി വരും. എന്നാൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് കെ സി വേണുഗോപാൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതിന് സാധ്യതയില്ല. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ സർവ്വേ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന സന്ദേശമാണ് സിറ്റിംഗ് എംപി മാർക്ക് ഹൈക്കമാന്റ് നൽകുന്നത്. എന്നാൽ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരന് ഇളവ് ലഭിക്കാനാണ് സാധ്യത.

കെ മുരളീധരൻ, ടി എൻ പ്രതാപൻ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവർ കേരള രാഷ്ട്രീയത്തിലേക്ക് തിരികെയെത്താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ സിറ്റിങ്ങ് എംപിമാർ എല്ലാവരും മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്. പ്രാഥമിക പ്രവർത്തനം തുടങ്ങാനാണ് എംപിമാർക്ക് നൽകിയ നിർദ്ദേശം. സുധാകരന് ഇളവ് ലഭിച്ചാൽ കണ്ണൂരിൽ ആര് പകരക്കാരനാകുമെന്ന് വ്യക്തമല്ല. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്ത്, എം ലിജു, കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കഴിഞ്ഞതവണ യുഡിഎഫ് പരാജയപ്പെട്ട ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ദേശീയതലത്തിൽ സുപ്രധാന ചുമതല വഹിക്കുന്ന സാഹചര്യത്തിൽ കെ സി മത്സരിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഷാനിമോൾ ഉസ്മാൻ, എം ലിജു, എ എ ഷുക്കൂർ എന്നിവർക്കാണ് പ്രഥമ പരിഗണന.

അതേസമയം വടകരയിൽ നിന്ന് കെ മുരളീധരനെ കണ്ണൂരിലേക്ക് മാറ്റണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. പകരം മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയിൽ മത്സരിപ്പിക്കണമെന്നാണ് നിർദ്ദേശം. മൂന്ന് ടേം തികച്ച സിറ്റിംഗ് എംപിമാർ മാറിനിൽക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. യുവാക്കൾക്കും വനിതകൾക്കും മതിയായ പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായവും ശക്തമാണ്. ഈകാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമാകും

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us