തൃശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ട കുട്ടികളെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കൊടകര കേസിലെ രണ്ട് പ്രതികൾക്ക് തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ നിന്ന് ഒന്നേകാൽ കോടി രൂപ വായ്പ അനുവദിച്ചതായുള്ള രേഖകൾ അനിൽ അക്കര പുറത്തുവിട്ടു. കുഴൽപ്പണക്കാർക്ക് സിപിഐഎം ഭരിക്കുന്ന കുട്ടനെല്ലൂർ ബാങ്കിൽ ഇടപാടുള്ളതിനാൽ അന്വേഷണം ചെന്നെത്തേണ്ടത് അവിടെയെന്നും അനിൽ അക്കര ആരോപിച്ചു.
ആരോപണ വിധേയനായ എം കെ കണ്ണൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷണം നിർത്തുന്നതുമായി ബന്ധപ്പെട്ടെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക് പിന്മാറാൻ വേണ്ടിയുള്ള പരവതാനിയാണ് മുഖ്യമന്ത്രി വിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. "സിപിഐഎമ്മിന് ഇപ്പോൾ യോഗം നടത്താൻ എന്തിന് ഇത്ര ആവേശം? ആരോപണ വിധേയനായ എം കെ കണ്ണന്റെ ഒപ്പം മുഖ്യമന്ത്രി എന്തിന് ചർച്ച നടത്തി? കരുവന്നൂരിലേക്കുള്ള ഫണ്ടിങ് അല്ല അവർ ചർച്ച ചെയ്തത്. മറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കുക എന്നതാണ്."- അനില് അക്കര പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക