തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിക്ഷേപകരെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. കരുവന്നൂരിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടയുടനെ ഉത്തരവാദി ആയവരെ ബാങ്കിൽ നിന്ന് പുറത്താക്കിയതാണ്. ഈ വസ്തുതകൾ മറച്ചു വെച്ചാണ് ഈ പ്രചാരവേല നടക്കുന്നത്. നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കണം. രാഷ്ട്രീയലക്ഷ്യമാണ് ഇതിന് പിന്നിൽ. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും എളമരം കരീം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ബിജെപിയുടെ പ്രചാരണത്തിന് യുഡിഎഫ് കൂട്ടുനിൽക്കുന്നുവെന്നും എളമരം കരീം കുറ്റപ്പെടുത്തി. അരവിന്ദാക്ഷനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. എം കെ കണ്ണനെതിരെ വസ്തുനിഷ്ഠമായി ഒരു തെളിവും കിട്ടിയില്ല. എല്ലാം പുകമറ സൃഷ്ടിക്കലാണ്. എ സി മൊയ്തീന്റെ വീട്ടിൽ നേരം പുലരുന്നതുവരെ പരിശോധന നടത്തിയിട്ടും ഒന്നും കിട്ടിയില്ല. പുറത്ത് വിടണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഗ്രഹിക്കുന്ന വാർത്തകൾ മാത്രം മാധ്യമങ്ങൾക്ക് നൽകുന്നത് നീതികേടാണെന്നും എളമരം കരീം വിമർശിച്ചു.
സഹകരണ മേഖലയിലെ ക്രമക്കേടുകള്ക്കെതിരെ ബിജെപി തൃശൂര് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച 'സഹകാരി സംരക്ഷണ പദയാത്ര' സംഘടിപ്പിച്ചിരുന്നു. സുരേഷ് ഗോപി, എൻ ടി രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്. പദയാത്ര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറയുന്നത് രാഷ്ട്രീയ അപക്വതയെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ ശോഷണമാണ് അങ്ങനെ തോന്നാന് കാരണം. മനുഷ്യന് വേണ്ടിയുള്ള യാത്ര ക്ഷീണമില്ലാതെ നടക്കും. കേരളം അനുഭവിക്കുന്ന പ്രശ്നങ്ങളില് ആര് ഭരിച്ചാലും ഇനിയും യാത്ര തുടരും. തൃശൂര് കഴിഞ്ഞാല് കണ്ണൂരിലേക്കും മലപ്പുറത്തേക്കും പദയാത്ര സംഘടിപ്പിക്കും. ശുദ്ധീകരണത്തിന്റെ തുടക്കം ആണ് ഇന്ന് നടക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക