കൊച്ചി: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി പരിഗണിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഡിജിപി കേസ് ഡയറി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അലംഭാവം കാണിക്കുന്നതായി വന്ദനയുടെ പിതാവ് മോഹൻദാസ് ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് ഡയറി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് പരിശോധിക്കണം. വന്ദനയുടെ മാതാപിതാക്കളെ നേരിട്ട് വിളിച്ച് അവരുടെ പരാതി എന്തെന്ന് കേൾക്കണം. തുടർന്ന് വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണം. ആ തീരുമാനം എന്തെന്ന് അറിയിക്കണം എന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമോ എന്ന് ഈ റിപ്പോർട്ടനുസരിച്ച് തീരുമാനിക്കും. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല നിർദ്ദേശം.
ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞയാഴ്ച വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ബേബി മോഹനൻ, മണിലാൽ എന്നീ എ. എസ്.ഐമാർക്കെതിരെയാണ് നടപടി. ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായി, അത് പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവൃത്തിയാണ് എന്നും വിമർശനം ഉയർന്നിരുന്നു.
മേയ് 10ന് പുലർച്ചെയാണ് ഡോ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച പ്രതി സന്ദീപ് ഡ്രസിംഗ് കത്രിക കൈക്കലാക്കി വനിതാ ഹൗസ് സർജൻ വന്ദനാ ദാസിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക