തോടും റോഡും കയ്യേറി നിര്മ്മാണമെന്ന് പരാതി; സിപിഐ ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയെന്ന് ആരോപണം

മുന്പ് ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഒന്നര വര്ഷം മുന്പ് വിറ്റതാണെന്ന വിശദീകരണമാണ് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു നല്കുന്നത്

dot image

കല്പ്പറ്റ: വയനാട് മാനന്തവാടിയില് റോഡും തോടും കയ്യേറി കെട്ടിട നിര്മ്മാണമെന്ന് പരാതി. മാനദണ്ഡങ്ങള് പാലിക്കാതെ നിര്മിക്കുന്ന കെട്ടിട നിര്മാണത്തിന് സിപിഐ ജില്ലാ സെക്രട്ടറിയുടെ ഒത്താശയെന്നാണ് ആരോപണം ഉയര്ന്നിരിക്കുന്നത്. എന്നാല് മുന്പ് ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഒന്നര വര്ഷം മുന്പ് വിറ്റതാണെന്ന വിശദീകരണമാണ് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു നല്കുന്നത്.

മാനന്തവാടി മൈസൂര് റോഡില് ചെറ്റപ്പാലത്ത് അനധികൃത നിര്മ്മാണം നടക്കുന്നതായാണ് ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയും തോടും കയ്യേറി കെട്ടിടം നിര്മ്മിക്കുന്നതായാണ് നാട്ടുകാര് പറയുന്നത്. പതിറ്റാണ്ടുകള് പഴക്കമുള്ള രണ്ട് പാലങ്ങള്ക്ക് നടുവിലാണ് കെട്ടിടം ഉയരുന്നത്. വസ്തു ഉടമയ്ക്ക് ആറ് സെന്റ് മാത്രമാണ് രേഖയിലുള്ളതെങ്കിലും 10 സെന്റ്റില് അധിക സ്ഥലത്താണ് നിര്മ്മാണം പുരോഗമിക്കുന്നത്. അനധികൃത നിര്മ്മാണം ചൂണ്ടിക്കാട്ടി നേരത്തെ ജനകീയ സമിതി വാര്ത്ത സമ്മേളനം നടത്തിയിരുന്നു. എന്നാല് ജനകീയസമിതി പ്രവര്ത്തകര്ക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്ന്ന് കള്ളക്കേസുകളെടുത്തെന്നും ആരോപണമുണ്ട്.

കഴിഞ്ഞവര്ഷം നവംബറില് ഭാര്യയുടെ ഉടമസ്ഥതയില് ഉണ്ടായിരുന്ന സ്ഥലം മറ്റൊരാള്ക്ക് വിറ്റതാണെന്നും ഭൂമി വാങ്ങിയ ആള് കൊടുത്ത പരാതിയെ തുടര്ന്ന് കേസില് ഇടപെട്ടതാണെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ വിശദീകരണം.

അതേസമയം വിജിലന്സില് പരാതികൊടുത്തിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ജനകീയ സമിതി അംഗങ്ങള് പറയുന്നത്. റിപ്പോര്ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നറിയിച്ച പൊതുമരാമത്ത് വകുപ്പ് അധികൃതര് റോഡിൽ അതിര്ത്തിക്കല്ല് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്. പരാതി ഉയരുമ്പോഴും കെട്ടിടത്തിന്റെ നിര്മാണ പ്രവര്ത്തികള് നിര്ബാധം തുടര്ന്നു കൊണ്ടിരിക്കുകയാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image