പാലക്കാട്: വാളയാര് കേസില് സിബിഐ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ പി സതീശനെതിരെ പെണ്കുട്ടികളുടെ അമ്മ പാലക്കാട് എസ് പിക്ക് പരാതി നല്കി. നുണപരിശോധനയെ പെണ്കുട്ടികളുടെ അമ്മ കോടതിയില് എതിര്ത്തു എന്ന രീതിയില് കെ പി സതീശന് നുണപ്രചരണം നടത്തിയെന്നാണ് പരാതി. കെ പി സതീശനെതിരെ പട്ടികജാതി-പട്ടികവര്ഗ (അതിക്രമങ്ങള് തടയല്) നിയമ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വാളയാർ കേസിലെ സിബിഐ പ്രോസിക്യൂട്ടർക്കെതിരെ നേരത്തെ പെൺകുട്ടികളുടെ അഭിഭാഷകൻ അഡ്വ. രാജേഷ് എം മേനോനും രംഗത്ത് വന്നിരുന്നു. നുണപരിശോധനയെ പെൺകുട്ടികളുടെ അമ്മ കോടതിയിൽ എതിർത്തു എന്നത് പച്ചക്കള്ളമാണെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. കെ പി സതീശൻ തെറ്റായ കര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും, പിന്നിൽ നിഗൂഢ ലക്ഷ്യമുണ്ടെന്നും രാജേഷ് എം മേനോൻ ആരോപിച്ചിരുന്നു. നുണപരിശോധനയെ പെൺകുട്ടികളുടെ അമ്മ എതിർത്തെന്ന് തെളിയിച്ചാൽ താൻ വക്കീൽ പണി അവസാനിപ്പിക്കാമെന്നായിരുന്നു രാജേഷ് എം മേനോൻ്റെ വെല്ലുവിളി. രക്ഷിതാക്കളെ ഉൾപ്പടെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ നിലപാട് എന്നും രാജേഷ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളുടെ അമ്മ നുണപരിശോധനയെ എതിർത്തെന്ന് സിബിഐ പ്രോസിക്യൂട്ടറായ കെ പി സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. 2017 മാര്ച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. 2017 മാര്ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള് പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ് 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര് ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായ ചേര്ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല് വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാർ പിന്നീട് ജീവനൊടുക്കി.
വാളയാർ കേസിൽ കേരള പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞതോടെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില് നല്കിയ ഹര്ജിയില് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അന്വേഷിച്ച ഏജൻസികൾ ശാസ്ത്രീയ തെളിവുകൾ അവഗണിച്ചുവെന്ന ആരോപണമുയർന്നിരുന്നു.