കൊച്ചി : ഭാര്യയുടെ ഹര്ജിയില് ഗര്ഭധാരണത്തിനായുള്ള ഐവിഎഫ് ചികിത്സക്കായി പ്രതിക്ക് പരോള് അനുവദിച്ച് ഹൈക്കോടതി. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂര് വടക്കേക്കാട് സ്വദേശി ഉണ്ണിക്കാണ് പരോള് നല്കിയത്. സിംഗിള് ബെഞ്ച് ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ശിക്ഷ അനുഭവിക്കുന്ന പ്രതി ഭരണഘടന നല്കുന്ന എല്ലാ മൗലികാവകാശങ്ങള്ക്കും അര്ഹനല്ല. എന്നാല് കുട്ടിവേണമെന്ന പ്രതിയുടെ ഭാര്യയുടെ താല്പര്യം പരിഗണിക്കുന്നു. നിയമത്തിന്റെ സാങ്കേതികത പറഞ്ഞ് ആവശ്യം നിരാകരിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുറഞ്ഞത് 15 ദിവസത്തെ അവധി അനുവദിക്കണം. ജയില് മേധാവി രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി. 2012ലാണ് ഇരുവരും വിവാഹിതരായത്. 2016ല് ഉണ്ണിയെ രാഷ്ട്രീയ കൊലപാതക കേസില് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷ ഹൈക്കോടതിയും ശരിവച്ചത് ചോദ്യം ചെയ്തുള്ള അപ്പീല് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഗര്ഭ ധാരണ ചികിത്സക്കായി ഭര്ത്താവിന് പരോളനുവദിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര അഡീഷണല് ചീഫ് സെക്രട്ടറിക്കും ജയില് ഡി.ജി.പിക്കും നിവേദനം നല്കി. എന്നാല് തീരുമാനമെടുത്തില്ല. തുടര്ന്നാണ് ഹര്ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകളും ഹൈക്കോടതിയില് ഹാജരാക്കി.
സമാനമായ ആവശ്യത്തില് രാജസ്ഥാന് ഹൈക്കോടതിയും കേരള ഹൈകോടതി ഡിവിഷന് ബെഞ്ചും തടവു ശിക്ഷക്ക് വിധിക്കപ്പെട്ടവര്ക്ക് പരോള് അനുവദിച്ചതും ഹർജിക്കാരി ചൂണ്ടിക്കാട്ടി. ക്രിമിനല് കേസുകളില് പ്രതികളെ ശിക്ഷിക്കുന്നത് അവരുടെ പരിവര്ത്തനം ലക്ഷ്യമിട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള് മറ്റുള്ളവരെപ്പോലെ അന്തസായി ജീവിക്കാന് അവന് അര്ഹതയുണ്ടെന്നും നിരീക്ഷിച്ചു. കുറ്റവാളിയെന്ന നിലയില് നിന്ന് മാറ്റം വന്ന മനുഷ്യനായി കാണാനാണ് സമൂഹവും ആഗ്രഹിക്കുന്നത്. പരോള് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കീഴ് വഴക്കമായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക