കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് ബാലഭാസ്ക്കറിന്റെ അച്ഛൻ കെ സി ഉണ്ണി. ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയുണ്ട്. ലോക്കൽ പൊലീസ് അന്വേഷിച്ചു ക്രൈംബ്രാഞ്ച് അന്വേഷിച്ചു സിബിഐ അന്വേഷിച്ചു അവസാനം വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യമായി. സത്യം തെളിയുമോ ഇല്ലയോ എന്ന് പിന്നീടല്ലെ അറിയാൻ പറ്റുകയുളളു. കാരണം അതിനകത്ത് എന്തോ സംഭവിച്ചിട്ടുണ്ട്. ഹൈക്കോടതിക്ക് അത് ബോധ്യമായിട്ടുണ്ടെന്നും കെ സി ഉണ്ണി റിപ്പോർട്ടറിനോട് പറഞ്ഞു.
സാമ്പത്തിക പ്രശ്നം തന്നെയാണ് മരണത്തിന് കാരണം. പിന്നെ പ്രൊഫഷണലിലും ഉണ്ട്. ഒരുപാട് പേർ അവന്റെ കയ്യിൽ നിന്ന് പണം വാങ്ങിച്ചിട്ടുണ്ട്. 50 ലക്ഷം വാങ്ങിച്ചിട്ടുണ്ട് എന്നൊക്കെ ഒരാൾ പറഞ്ഞു. വയലിൻ വായിച്ചുനടക്കുന്ന ഒരു പയ്യന് എത്രയെന്ന് വെച്ചിട്ട് കിട്ടാനാണ്. 50 ലക്ഷം വാങ്ങിച്ചുവെന്ന് അവൻ തന്നെ വിശ്വസിക്കില്ല. പോവാനുളളത് പോയി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. നാളെ അവന്റെ ശ്രാദ്ധ ദിവസമാണെന്നും കെ സി ഉണ്ണി പറഞ്ഞു.
പുനരന്വേഷണത്തിന് ഉത്തരവിട്ടതിൽ സന്തോഷമുണ്ട്. നീതിക്ക് പ്രതീക്ഷയുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധിയാണിതെന്നും ബാലഭാസ്കറിന്റെ ബന്ധുവായ പ്രിയ ബാലഗോപാൽ റിപ്പോർട്ടറിനോട് പറഞ്ഞു. നേരത്തെ കൃത്യമായ അന്വേഷണം നടന്നില്ല. പൊലീസിനും ക്രൈംബ്രാഞ്ചിനും തെളിവുകള് നല്കിയിരുന്നുവെന്നും പ്രിയ ബാലഗോപാല് കൂട്ടിച്ചേർത്തു.
കെ സി ഉണ്ണിയുടെ ഹര്ജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്ദേശം. സ്വര്ണ്ണക്കടത്ത് ബന്ധം അന്വേഷിക്കാനും ഉത്തരവുണ്ട്. മൂന്ന് മാസത്തിനുള്ളില് അന്വേഷണം പൂര്ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം സിജെഎം കോടതി നടപടികളും ഹൈക്കോടതി റദ്ദാക്കി. ബാലഭാസ്കറിന്റെ മരണത്തില് ഗൂഢാലോചന ഉണ്ടെന്ന വാദം സിബിഐ തള്ളിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.
2019 സെപ്റ്റംബര് 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. തൃശ്ശൂരില് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം. ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വര്ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നത്. അമിത വേഗതയെ തുടര്ന്നുണ്ടായ അപകടമാണെന്നായിരുന്നു ആദ്യം കേസന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയിരുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക