കൊച്ചി: നിയമന തട്ടിപ്പ് കേസില് പ്രതി അഡ്വ. ലെനിൻ രാജിൻ്റെ വാദം ഏറ്റെടുത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലില് നിര്ത്താന് വാര്ത്ത പുറത്തുവിട്ട ചാനലിലെ പ്രവര്ത്തകര് തന്നെ ഗൂഢാലോചനയില് പങ്കാളിയായി എന്ന വാദമാണ് എംവി ഗോവിന്ദന് ഉയര്ത്തിയിരിക്കുന്നത്. പാര്ട്ടി ദിനപത്രം ദേശാഭിമാനിയുടെ എഡിറ്റോറിയല് പേജില് നേര്വഴിയെന്ന കോളത്തിലാണ് എംവി ഗോവിന്ദന് നിയമന തട്ടിപ്പ് കേസിലെ പ്രതിയുടെ നിലപാട് ആവര്ത്തിച്ചിരിക്കുന്നത്. ഈ വിഷയത്തില് പൊലീസ് അന്വേഷണസംഘത്തിന്റെ നിലപാട് നിരാകരിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതിയുടെ ആരോപണം എറ്റെടുത്തിരിക്കുന്നത്.
നേരത്തെ റിപ്പോര്ട്ടര് ചാനലിന്റെ ചര്ച്ചയില് പങ്കെടുക്കവെ വാര്ത്ത പുറത്തുകൊണ്ടുവന്ന റിപോര്ട്ടര് ടിവി മാധ്യമപ്രവര്ത്തകന് അഷ്കര് അലിക്ക് ഗൂഢാലോചനയില് പങ്കുണ്ടെന്ന് കേസിലെ പ്രതി അഡ്വ. ലെനിൻ രാജ് ആരോപിച്ചിരുന്നു. മാധ്യമ പ്രവര്ത്തകന് ഗൂഢാലോചനയില് പങ്കില്ലെന്ന് കമ്മീഷണര് വ്യക്തമാക്കിയിരുന്നു. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് ഇത്തരം വ്യാജപ്രചരണങ്ങളെന്നും കമ്മീഷണര് പ്രതികരിച്ചിരുന്നു.
നിയമന കൈക്കൂലി കേസില് പൊലീസ് നേരത്തെ അഖില് സജീവിനെയും അഡ്വ. ലെനിൻ രാജിനെ പ്രതിചേര്ത്തിരുന്നു. വഞ്ചനാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് സ്വദേശി അഡ്വ. റയീസിനെ പൊലീസ് കസ്റ്റഡിയില് എടുത്തിരുന്നു. റയീസിനെ കോടതി പിന്നീട് റിമാന്ഡ് ചെയ്തു. ആയുഷ് മിഷന്റെ പേരില് വ്യാജ ഇ-മെയില് ഐഡി ഉണ്ടാക്കിയത് അഡ്വ. റയീസാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ അഖില് സജീവനും അഡ്വ. ലെനിൻ രാജും ഒളിവിലാണ്.
ഇതിനിടെ പ്രതി അഖില് സജീവന് മറ്റൊരു വലിയ തട്ടിപ്പും പുറത്ത് വന്നിട്ടുണ്ട്. കോട്ടയം മെഡിക്കല് കോളേജില് സെക്യൂരിറ്റി ജീവനക്കാരെ നല്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിയമന തട്ടിപ്പ് കേസില് അറസ്റ്റിലായ റഹീസിനെ കന്റോണ്മെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ തട്ടിപ്പും പുറത്തുവന്നത്.
സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖില് സജീവന് നടത്തിയ തട്ടിപ്പ് വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില് സജീവ് സിഐടിയുവിന്റെ ലെവി തുക മോഷ്ടിച്ചുവെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹര്ഷകുമാര് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സംഘടന നല്കിയ പരാതിയില് നടപടി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നോര്ക്ക റൂട്സില് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് അഖില് സജീവ് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ആരോപണം ഉയര്ന്നിരുന്നു. അഭിഭാഷകനായ ശ്രീകാന്താണ് ആരോപണം ഉന്നയിച്ചത്. അഖില് സജീവ്, ജിക്കു ജേക്കബ്, ജയകുമാര് വള്ളിക്കോട് എന്നിവര് ചേര്ന്നാണ് കബളിപ്പിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്. പിന്നീട് സിപിഐഎമ്മിന്റെ പത്തനംതിട്ട, എറണാകുളം ജില്ലാ നേതാക്കള് ഇടപെട്ട് പണം തിരികെ നല്കിയെന്നും ശ്രീകാന്ത്മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
'ഭാര്യയ്ക്ക് നോര്ക്ക റൂട്സില് ജോലി ശരിയാക്കി നല്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പത്ത് ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല് അഞ്ച് ലക്ഷം നല്കുകയായിരുന്നു. പണം നല്കി മൂന്ന് മാസത്തിനുളളില് അപ്പോയിന്മെന്റ് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല് ആറ് മാസമായിട്ടും ജോലി ലഭിച്ചില്ല. തുടര്ന്ന് അഖില് സജീവനെ ബന്ധപ്പെട്ടപ്പോള് പത്തനംതിട്ടയിലേക്ക് വരാന് പറഞ്ഞു. അവിടെ എത്തിയപ്പോള് വീട് എടുത്ത് തന്നത് അഖില് സജീവ് ആയിരുന്നു. ശ്രീകാന്ത് പറഞ്ഞു. പത്തനംതിട്ടയില് വെച്ച് ജയകുമാര് വളളിത്തോട്, അഖില് സജീവ് എന്നിവര് വന്ന് ചര്ച്ച നടത്തി. അന്ന് പിന്വാതില് നിയമന വിവാദം നടക്കുന്നതിനാല് സര്ക്കാരിന് ചില ലിസ്റ്റുകള് മരവിപ്പിക്കേണ്ടി വന്നു. അതില്പെട്ടതാണ് നിങ്ങളും. എത്രയും പെട്ടെന്ന് ശരിയാകും. തത്ക്കാലം കൊച്ചി സ്പൈസസ് ബോര്ഡില് കരാര് അടിസ്ഥാനത്തില് ഒരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് എനിക്ക് അവിടുത്തെ ചില ആളുകളുടെ നമ്പര് തന്നിരുന്നു. അതും ശരിയാകാതെ വന്നതോടെയാണ് ജോലി വേണ്ടെന്ന് പറഞ്ഞ് പ്രതികരിക്കാന് തുടങ്ങിയത്'; എന്നായിരുന്നു അഡ്വ. ശ്രീകാന്തിന്റെ വെളിപ്പെടുത്തല്.
സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞായിരുന്നു അഖില് സജീവ് പരിചയപ്പെട്ടതെന്ന് ശ്രീകാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളും പത്തനംതിട്ട, എറണാകുളം നേതാക്കളും ഇടപെട്ട് പണം തിരികെ വാങ്ങി നല്കുകയായിരുന്നുവെന്ന ഗൗരവമുള്ള വെളിപ്പെടുത്തലും ശ്രീകാന്ത് നടത്തിയിരുന്നു.