അഖില് സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് രണ്ടു കേസുകളില്

അഖില് സജീവിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

dot image

തിരുവനന്തപുരം: നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില് സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട പൊലീസ് രജിസ്റ്റര് ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഖില് സജീവിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. തിരിച്ചു കൊണ്ടുവന്ന ശേഷം കോടതിയില് ഹാജരാക്കും.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖില് സജീവ് ഒളിവില്പോയിരുന്നു. തമിഴ്നാട് തേനിയില് നിന്ന് പുലര്ച്ചെ മൂന്ന് മണിയോടെയാണ് അഖില് സജീവ് പിടിയിലായത്. റിപ്പോര്ട്ടര് ടിവിയാണ് നിയമനതട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്. സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നല്കിയ പരാതിയിലാണ് അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില് സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നല്കിയിരുന്നു.

കന്യാകുമാരി ഭാഗത്ത് അഖില് ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിയായ ഹരിദാസന് നല്കിയ പരാതി റിപ്പോര്ട്ടര് ടിവി വാര്ത്തയാക്കിയതിന് പിന്നാലെയാണ് അഖില് സജീവിനെതിരായ കൂടുതല് തട്ടിപ്പുകള് പുറത്തുവരുന്നത്. ജനുവരി തൊട്ട് അഖില് നാട്ടിലുണ്ടായിരുന്നില്ല. അഖിലിനായി അന്വേഷണം ഊര്ജിതമായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. പിടികൂടിയത് തേനി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ്.

അഖില് ഒളിവില് കഴിഞ്ഞത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്. ഹരിദാസിന്റെ പരാതിയില് കന്റോണ്മെന്റ് പൊലീസ് സ്വാഭാവികമായി ചോദ്യംചെയ്യുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. എന്നാല് ഒളിവില് കഴിയാന് അഖിലിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ഇയാള്ക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങള് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

ഹരിദാസന്റെ മരുമകള്ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില് സജീവും മന്ത്രി വീണാ ജോര്ജിന്റെ പേഴ്സണല് സ്റ്റാഫ് അംഗം അഖില് മാത്യുവും പണം വാങ്ങിയെന്ന പരാതിയില് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അഖില് സജീവിന് 75000 രൂപയും അഖില് മാത്യുവിന് ഒരു ലക്ഷം രൂപയും നല്കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര് 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില് നിന്ന് ഇമെയില് സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില് വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില് വ്യാജ ഇമെയില് നിര്മ്മിച്ചത് അഖില് സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image