അഖിൽ സജീവ് കോട്ടയത്ത് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; തെളിവുകള് റിപ്പോർട്ടറിന്

കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി സർവീസുമായി ബന്ധപ്പെട്ട് കോഴിക്കോട് ആസ്ഥാനമായ മാൻപവർ കമ്പനിയിൽ നിന്ന് 10 ലക്ഷം രൂപയാണ് അഖിൽ സജീവനും ലെനിൻ രാജും ചേർന്ന് തട്ടിയെടുത്തത്.

dot image

കോട്ടയം: ആരോഗ്യ വകുപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖിൽ സജീവൻ കോട്ടയത്ത് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി സർവീസുമായി ബന്ധപ്പെട്ട് കോഴിക്കോട് ആസ്ഥാനമായ മാൻപവർ കമ്പനിയിൽ നിന്ന് 10 ലക്ഷം രൂപയാണ് അഖിൽ സജീവനും ലെനിൻ രാജും ചേർന്ന് തട്ടിയെടുത്തത്. കമ്പനിയെ കബളിപ്പിക്കാനായി തയ്യാറാക്കിയ കോട്ടയം മെഡിക്കൽ കോളേജിൻ്റ പേരിലുള്ള വ്യാജ കത്തിൻ്റെ ഇ-മെയിൽ പകർപ്പും കമ്പനി അഖിലിന് പണം കൈമാറിയതിൻ്റെയും രേഖകളും റിപ്പോർട്ടറിന് ലഭിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി സർവീസിൽ ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കോഴിക്കോട് ആസ്ഥാനമായ വിസിൽ എക്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സൈയ്ഫുദ്ദിൻ പള്ളിവളപ്പിലിനെ അഖിൽ രാജുമായി ബന്ധപ്പെടുത്തിയത് അഡ്വ. ലെനിൻ രാജാണ്. അഖിൽ പത്തനംതിട്ടയിലെ സിപിഎം നേതാവാണെന്ന മുഖവുരയോടെയുള്ള പരിചയപ്പെടുത്തലിൽ കോട്ടയം മെഡിക്കൽ കോളജിലെ ശുചീകരണ - പാർക്കിംഗ് മേഖലയിലെ ഒഴിവുകളെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഏപ്രിൽ 11ന് കോട്ടയം മെഡിക്കൽ കോളജ് അഡ്മിൻ ശ്യാം കൃഷ്ണയുടെ പേരിൽ ഒഫിഷ്യൽ ഇമെയിൽ വിസിൽ എക്സിന് ലഭിക്കുന്നു. ഇത് വിശ്വാസത്തിലെടുത്ത കമ്പനി ഡയറക്ടർ സൈയ്ഫുദ്ദിൻ പള്ളിവളപ്പിലിൽ കോട്ടയം മെഡിക്കൽ കോളജിലെത്തി. ഇതേ സമയം മെഡിക്കൽ കോളജിനകത്തെ അഡ്മിനിസ്ട്രേഷൻ ഓഫിസിനു പുറത്ത് ശ്യാം കൃഷ്ണ എന്ന പേരിൽ അഖിൽ തയ്യാറാക്കി നിർത്തിയ ആളുമായി കമ്പനി ഡയറക്ടർ സൈഫുദ്ദീൻ സംസാരിക്കുന്നു. ശേഷം 10 ലക്ഷം രൂപ കോഷൻ ഡിപ്പോസിറ്റായി കൈമാറാൻ ഒഫിഷ്യൽ ഇമെയിൽ വഴി അഡ്മിൻ എന്ന ശ്യാം കൃഷ്ണ ആവശ്യപ്പെടുന്നു. വിവിധ ഘട്ടങ്ങളിലായി എട്ട് ലക്ഷം രൂപ അഖിലിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കും രണ്ട് ലക്ഷം രൂപ നേരിട്ടും ഗൂഗിൾ പേ വഴിയും കൈമാറി.

മെഡിക്കൽ കോളജിനടുത്ത് കമ്പനി 30 തൊഴിലാളികളെ എത്തിച്ച് താമസിപ്പിക്കുകയും ചെയ്തു. ആഴ്ച്ചകൾ പിന്നിട്ടും ഈ തൊഴിലാളികൾക്ക് മെഡിക്കൽ കോളജിലേക്ക് ജോലിക്കായി പ്രവേശിക്കാനാകാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. ആരോഗ്യമന്ത്രിയുടെ ഭർത്താവിൻ്റെ പേരും തട്ടിപ്പിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കമ്പനി ഡയറക്ടർ വെളിപ്പെടുത്തി.

മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകള്ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില് സജീവും മന്ത്രി വീണാ ജോര്ജിന്റെ പേഴ്സണല് സ്റ്റാഫ് അംഗം അഖില് മാത്യുവും പണം വാങ്ങിയെന്ന പരാതിയുമായി ഹരിദാസന് രംഗത്ത് വന്നിരുന്നു. അഖില് സജീവിന്റെ തട്ടിപ്പിനെകുറിച്ചുള്ള ഈ വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തു വിട്ടത്. ഈ കേസില് അഖില് സജീവിനെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. അഖിൽ സജീവൻ്റെ തട്ടിപ്പിന്റെ കഥകള് ഇവിടെ മാത്രമായി ഒതുങ്ങുന്നില്ല. ബീവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം നൽകി ഇയാൾ പണം തട്ടിയിട്ടുണ്ട്. കേരളത്തിലങ്ങോളം ഇങ്ങോളമായുള്ള നിരവധി തട്ടിപ്പ് കഥകളാണ് ഇപ്പോള് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image