പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ അഖിൽ മാത്യുവിന്റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ല എന്ന് അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖിൽ സജീവ് പറഞ്ഞു. ലെനിൻ, ബാസിത്, റഹീസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പറഞ്ഞ അഖിൽ സജീവ് നിരവധി പേരിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും സമ്മതിച്ചു. സ്പൈസസ് ബോർഡിൽ ജോലി നൽകാമെന്നു പറഞ്ഞ് നാലരലക്ഷം തട്ടിയ കേസിലും പത്തനംതിട്ട പോലീസ് അഖിലിനെ ചോദ്യം ചെയ്യും.
കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കയ്യിൽ നയാ പൈസയില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകർന്നുവെന്നും പൊലീസിനോട് അഖിൽ സജീവ് പറഞ്ഞു.
ജനുവരി മുതല് നാട്ടില് ഇല്ലാതിരുന്ന പ്രതി കഴിഞ്ഞ കുറെ നാളുകളായി ചെന്നൈയിൽ ഒരു ഹോട്ടലിന്റെ ഡോർമെട്രിയില് ആയിരുന്നു താമസം. പത്തനംതിട്ട എസ്ഐയും സംഘവും അവിടെ എത്തിയത് അറിഞ്ഞ് സ്ഥലം മാറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ തേനി ബസ്റ്റാൻഡിന് അടുത്ത് വെച്ചാണ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പിടികൂടുമ്പോഴും അഖിൽ സജീവ് മദ്യ ലഹരിയിൽ ആയിരുന്നു.
അഖില് സജീവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പത്തനംതിട്ട പൊലീസ് രജിസ്റ്റര് ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില് ഹാജരാക്കും.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക