മലപ്പുറം: പിഎംഎ സലാമിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നല്കി സമസ്ത. നേതാക്കള്ക്കെതിരായ പരാമര്ശങ്ങളില് പ്രതിഷേധിച്ച് സാദിഖലി തങ്ങള്ക്കും പികെ കുഞ്ഞാലിക്കുട്ടിക്കുമാണ് സമസ്ത കത്ത് നല്കിയത്. സമസ്തയുടെ വിവിധ ഭാരവാഹിത്വങ്ങള് വഹിക്കുന്ന 21 നേതാക്കള് ഒപ്പിട്ട കത്താണ് നല്കിയത്.
മുസ്ലീം ലീഗിന്റെ നേതൃ സ്ഥാനങ്ങളില് ഇരിക്കുന്ന ഉത്തരവാദിത്തപെട്ടവര് തന്നെ സമസ്ത നേതാക്കളെ പരിഹസിക്കുന്നു എന്നാണ് സമസ്തയുടെ ആക്ഷേപം. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്റെയും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് കല്ലായിയുടെയും പേരുകള് സഹിതമാണ് സമസ്തയുടെ പരാതി.
പൊതു വേദികളിലും സമൂഹ മാധ്യമങ്ങളിലും പരിഹസിക്കുന്നു എന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും കത്തില് ചൂണ്ടിക്കാട്ടുന്നു. പരിഹസിക്കുന്ന പ്രവണത വര്ദ്ധിച്ചു വരികയാണെന്നും അടിയന്തര നടപടികള് സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്, അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര് പന്തല്ലൂര്, മുസ്തഫ മാസ്റ്റര് മുണ്ടുപാറ, വാക്കോട് മൊയ്തീന് കുട്ടി ഫൈസി ഉള്പ്പെടെ 21 നേതാക്കളാണ് പരാതിയില് ഒപ്പിട്ടത്.
പിഎംഎ സലാമിന്റെ വിവാദ പരാമര്ശത്തില് സമസ്ത കേന്ദ്രങ്ങളില് രോഷം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള് തന്നെ ഔദ്യോഗികമായി ലീഗിന് പരാതി നല്കിയിരിക്കുന്നത്. എല്ലാ കാലത്തും ഒരുമിച്ചു നിന്നിരുന്ന മുസ്ലീം ലീഗും സമസ്തയും, ഏക സിവില് കോഡ്, വഖഫ് ബോര്ഡിലെ നിയമനം തുടങ്ങിയ വിഷയങ്ങളിലെ പ്രതിഷേധങ്ങളിലടക്കം രണ്ട് തട്ടിലായിരുന്നു. ഈ അകല്ച്ചക്ക് ആക്കം കൂട്ടുകയാണ് പുതിയ വിവാദം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില് പുതിയ വിവാദങ്ങള് മുസ്ലീം ലീഗിന് തലവേദനയായി മാറുകയാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക